അസ്ലന്‍ ഷാ കപ്പ്: ഇന്ത്യ സമനില വഴങ്ങി


1 min read
Read later
Print
Share

പതിനാലാം മിനിറ്റില്‍ യുതാരം ശൈലാനന്ദ് ലാര്‍ക്കയിലൂഴെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്.

ഐപോ: അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി തുടരുന്നു. ആദ്യ മത്സരത്തില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങി.

നിരവധി അവസരങ്ങള്‍ തുലച്ച ഇന്ത്യയെ 1-1 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് തളച്ചത്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.

പതിനാലാം മിനിറ്റില്‍ യുതാരം ശൈലാനന്ദ് ലാര്‍ക്കയിലൂഴെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ലാര്‍ക്കയുടെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു അത്. കളിയുടെ ഗതിക്ക് എതിരെ വീണ ഗോളായിരുന്നു ഇത്. തല്‍വീന്ദര്‍ സിങ്ങിന്റെ ഒരു ഷോട്ട് ഇംഗ്ലീഷ് ഗോളി ഹാരി ഗിബ്‌സണ്‍ രക്ഷപ്പെടുത്തി. റീബൗണ്ട് കിട്ടിയത് തക്കം പാര്‍ത്തുനിന്ന ശൈലാനന്ദിന്. യുവതാരത്തിന് പിഴച്ചില്ല.

ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷം നേടിയ ഈ ലീഡ് 53 മിനിറ്റ് കാത്തുപോരാന്‍ ഇന്ത്യയ്ക്കായി. എന്നാല്‍, 53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് വലയിലാക്കി മാര്‍ക്ക് ഗ്ലേഗ്‌ഹോം ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യയുടെ യുവനിര നിരവധി അവസരങ്ങളാണ് നഷ്ടമാക്കിയത്. ഗോളെന്ന് ഉറച്ച അനേകം അവസരങ്ങള്‍ക്ക് പുറമെ ഒന്‍പത് പെനാല്‍റ്റി കോര്‍ണറുകളും അവര്‍ പാഴാക്കി. രണ്ടാം ക്വാര്‍ട്ടറില്‍ തുടരെ തുടരെയാണ് അവര്‍ക്ക് എട്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചത്. ഒന്നും ലക്ഷ്യത്തിലെത്തിക്കാനായതുമില്ല.

ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഈ സമനിലയോടെ നാലാം സ്ഥാനത്തായിരിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ.

ചൊവ്വാഴ്ച ലോക ഒന്നാം നമ്പറായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlights: Sultan Azlan Shah Cup India England Draw Shilanand Lark

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram