കോഴിക്കോട്: കേരള വോളിബോള്‍ അസോസിയേഷനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സസ്പെന്‍ഡുചെയ്തു. ജില്ലാ വോളിബോള്‍ അസോസിയേഷനുകളിലേക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ നിയമാവലി അനുസരിക്കാതെ തിരഞ്ഞെടുപ്പു നടത്തിയതിനാണ് നടപടി.
കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ചട്ടം പാലിക്കാതെയാണ് തിരഞ്ഞെടുപ്പു നടത്തിയത്. മൂന്നു ടേമില്‍ കൂടുതല്‍ത്തവണ ഭാരവാഹികള്‍ പല അസോസിയേഷനുകളിലും തുടരുന്നു. സെക്രട്ടറിമാര്‍ സംസ്ഥാനതലങ്ങളില്‍ മുമ്പ് കളിച്ചവരല്ല എന്നീ മൂന്നു കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടപടിയെടുത്തതെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
തിരഞ്ഞെടുപ്പിലെ അപാകങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താതെ വോളി അസോസിയേഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടുകൂടി സംസ്ഥാന വോളി അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് സാമ്പത്തികമായ സഹായങ്ങള്‍ ലഭിക്കില്ല.
എന്നാല്‍, എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് സമയത്ത് നിരീക്ഷകരായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികളുണ്ടായിരുന്നുവെന്നും സസ്പെന്‍ഡുചെയ്ത തീരുമാനത്തെ നിയമപരമായി നേരിടുമെന്നും വോളിബോള്‍ അസോസിയേഷനു കളങ്കംവരുത്തുന്ന രീതിയില്‍ പ്രസ്താവനയിറക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കുമെന്നും വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ പറഞ്ഞു. സംസ്ഥാന അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചപോലെ ഞായറാഴ്ച നടക്കുമെന്നും ബഷീര്‍ വ്യക്തമാക്കി.