ഹരിയാണ: റിയോ ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക്ക് ഹരിയാണ സര്‍ക്കാരിനെതിരെ രംഗത്ത്. മെഡല്‍ നേടിയപ്പോള്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നും സര്‍ക്കാര്‍ വാക്കു പാലിച്ചിലെന്നും സാക്ഷി പരസ്യമായി ആരോപിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് സാക്ഷി ആരോപണം ഉന്നയിച്ചത്.
ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടുമെന്ന വാഗ്ദാനം ഞാന്‍ പാലിച്ചു. ഇനി സര്‍ക്കാര്‍ എന്നാണ് തങ്ങളുടെ വാഗ്ദാനം നിറവേറ്റുക എന്ന് സാക്ഷി ട്വീറ്റില്‍ ചോദിക്കുന്നു. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ മാധ്യമങ്ങളില്‍ മാത്രം ഇടം പിടിക്കാനുള്ളതായിരുന്നുവെന്നും സാക്ഷി പറയുന്നു. ബി.ജെ.പി ഭരണത്തിലുള്ള ഹരിയാണയില്‍ മനോഹര്‍ ലാല്‍ ഖട്ടറാണ് മുഖ്യമന്ത്രി.
3.5 കോടി രൂപയോളം വിലവരുന്ന സമ്മാനങ്ങള്‍ സാക്ഷിക്ക് ഹരിയാണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഒളിമ്പിക്‌സ് തുടങ്ങുന്നതിന് മുന്‍പുതന്നെ സ്വര്‍ണം നേടുന്നവര്‍ക്ക് 6 കോടിയും വെള്ളി നേടുന്നവര്‍ക്ക് 4 കോടിയും വെങ്കലം നേടുന്നവര്‍ക്ക് 2.5 കോടി രൂപയും ഹരിയാണ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
വന്‍ പ്രതീക്ഷയുമായി ഒളിമ്പിക്‌സിനെ പോയ ഇന്ത്യ മെഡല്‍ നേട്ടത്തില്‍ പിന്നാക്കം പോയപ്പോള്‍ അഭിമാനം കാത്തത് സാക്ഷിയും സിന്ധുവുമാണ്. ഗുസ്തിയില്‍ വെങ്കലം നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡും സാക്ഷി സ്വന്തമാക്കിയിരുന്നു.