ഇസ്താംബൂള്‍: ഇന്ത്യയുടെ രണ്ട് വനിതാ ഗുസ്തി താരങ്ങള്‍ കൂടി റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ഇതാദ്യമായാണ് രണ്ട് വനിതാ താരങ്ങൾ ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക് എന്നിവര്‍ കൂടി യോഗ്യതാ കടമ്പ കടന്നതോടെ റിയോയില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ആറായി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ അഞ്ച് ഗുസ്തി താരങ്ങളാണ് ഇന്ത്യയ്ക്കുവേണ്ടി മാറ്റുരച്ചത്.
വിനേഷ് 48 കിലോഗ്രാം വിഭാഗത്തിലും സാക്ഷി 58 കിലോഗ്രാം വിഭാഗത്തിലുമാണ് യോഗ്യത നേടിയത്. ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചാണ് ഇരുവരും ഒളിമ്പിക് ബര്‍ത്ത് ഉറപ്പിച്ചത്.
മംഗോളിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഭാരക്കൂടുതല്‍ കാരണം വിനേഷിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇസ്താംബൂളിലെ ടൂര്‍ണമെന്റ് റിയോയിലേയ്ക്ക് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു. യോഗ്യതാ റൗണ്ടില്‍ യുക്രെയ്‌നിന്റെ നതാലിയ പുല്‍കോവ്‌സ്‌ക്കയെയും പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ജൂലി മാര്‍ട്ടിന്‍ സെബാറ്റിയെയും ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ യു ലീയെയും സെമിയില്‍ തുര്‍ക്കിയുടെ എവിന്‍ ഡെമിറാഹനെയുമാണ് വിനേഷ് തോല്‍പിച്ചത്.
ഗീത ഫൊഗട്ടിന് പകരം മത്സരിക്കാനെത്തിയ സാക്ഷി സ്‌പെയിനിന്റെ ഐറീന്‍ ഗാര്‍ഷ്യയെയും റുമാനിയയുടെ ഷഡാക്കെവ്‌സ്‌ക്കയെയും ചൈനയുടെ ലാന്‍ ഷാങ്ങിനെയും തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.