ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി വോളിബോളിന്റെ കാലം. ഫെബ്രുവരിയില്‍ ആദ്യ സീസണിന് തുടക്കം കുറിക്കാനൊരുങ്ങുന്ന പ്രോ വോളി ലീഗിന്റെ താരലേലം ന്യൂഡല്‍ഹിയില്‍ നടന്നു. ഇന്ത്യന്‍ താരമായ രഞ്ജിത് സിങ്ങിനാണ് ഏറ്റവും കൂടുതല്‍ ലേലത്തുക ലഭിച്ചത്. 13 ലക്ഷം രൂപയ്ക്ക് അഹമ്മദാബാദ് അറ്റാക്കേഴ്‌സ് രഞ്ജിതിനെ സ്വന്തമാക്കി.
കാക്ക പ്രഭാകരന്‍ എന്നറിയപ്പെടുന്ന എസ് പ്രഭാകരനെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് തട്ടകത്തിലെത്തിച്ചത്. റെയില്‍വേസ് താരത്തിന് 12 ലക്ഷം രൂപ ലഭിച്ചു. മലയാളി താരവും കേരളത്തിന്റെ ക്യാപ്റ്റനുമായ ജി.എസ്. അഖിനെ 10 ലക്ഷത്തിന് ചെന്നൈ സ്പാര്‍ട്ടന്‍സ് സ്വന്തമാക്കി. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ജെറോം വിനീത് കാലിക്കറ്റ് ഹീറോസിലാണ് കളിക്കുക. അടിസ്ഥാന വിലയായ എട്ടു ലക്ഷം രൂപ കൊടുത്താണ് തമിഴ്‌നാട്ടുകാരനെ കാലിക്കറ്റ് ഹീറോസ് തട്ടകത്തിലെത്തിച്ചത്. ഒമ്പത് ലക്ഷത്തിന് ദീപേശ് കുമാര്‍ സിന്‍ഹയെ യു മുംബ വോളി സ്വന്തമാക്കി.
വിദേശ താരങ്ങള്‍ക്ക് ലേലമുണ്ടായിരുന്നില്ല. ഓരോ ടീമും ഓരോ വിദേശ താരങ്ങളെ തിരഞ്ഞെടുത്തു. പോള്‍ ലോറ്റ്മാന്‍ കാലിക്കറ്റ് ഹീറോസിനും ഡേവിഡ് ലീ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനും കളിക്കും. ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്‌സ് കാര്‍സണ്‍ ക്ലര്‍ക്കിനേയും ചെന്നൈ സ്പാര്‍ട്ടന്‍സ് റൂഡി വെര്‍ചോഫിനേയും സ്വന്തമാക്കി. യു മുംബയിലെ വിദേശ താരം ടോമിസ്ലാവ് കോസ്‌കോവിച്ചും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിലെ താരം നോവിച്ച ബെലിച്ചയുമാണ്.
യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, അഹമ്മദാബാദ് ഡിഫെന്റേഴ്സ്, കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ എമന്നിവയാണ് ലീഗിലെ ടീമുകള്‍. ഫെബ്രുവരി രണ്ട് മുതല്‍ 22 വരെ കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോട്ടെ ഐ.ടി. കമ്പനിയായ ബീക്കോണ്‍ ഗ്രൂപ്പാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമകള്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വകയാണ്.
ആദ്യ ഘട്ടത്തില്‍ ആറു ടീമുകളും പരസ്പരം ഏറ്റുമുട്ടും. പോയിന്റ് നിലയില്‍ ഏറ്റവും മുകളിലെത്തുന്ന നാലു ടീമുകള്‍ സെമിയിലേക്ക് കയറും. 15 റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം രണ്ട് സെമിയും ഫൈനലുമായി ആകെ 18 മത്സരങ്ങള്‍. ഇതില്‍ ഒന്‍പത് ലീഗ് മത്സരങ്ങള്‍ കൊച്ചിയിലും, ആറ് ലീഗ് മത്സരങ്ങള്‍, സെമി, ഫൈനല്‍ എന്നീ മത്സരങ്ങള്‍ ചെന്നൈയിലും നടക്കും. ഫെബ്രുവരി രണ്ടിന് കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാകും ഉദ്ഘാടനം നടക്കുക. സോണി സിക്സ്, സോണി ടെൻ-3 ചാനലുകളില്‍ രാത്രി ഏഴ് മുതല്‍ ഒന്‍പത് വരെ പ്രോ വോളി ലീഗ് സംപ്രേക്ഷണം ചെയ്യും.
Content Highlights: Ranjit Singh emerges as top pick in the inaugural Pro Volleyball League player auction and draft