ചെന്നൈ: ആവേശകരമായ സെമിഫൈനലിനൊടുവില്‍ യു മുംബയെ കീഴടക്കി കാലിക്കറ്റ് ഹീറോസ് പ്രോ വോളിബോള്‍ ലീഗ് ഫൈനലില്‍. ഏകപക്ഷീമായ മൂന്നു സെറ്റുകളില്‍ കാലിക്കറ്റ് ഫൈനലിന് അര്‍ഹതനേടി. സ്‌കോര്‍: 15-12, 15-9, 16-14
12 പോയന്റുമായി കാലിക്കറ്റിന്റെ നായകന്‍ ജെറോം വിനീത് ടോപ് സ്‌കോററും കളിയിലെ താരവുമായി. നീണ്ട റാലികളും സൂപ്പര്‍ പോയന്റുകളിലൂടെയുള്ള മുന്നേറ്റവും മിന്നുന്ന സ്‌പൈക്കുകളുമായി മത്സരം ആവേശഭരിതമായിരുന്നു. സ്‌പൈക്കുകളിലൂടെ കാലിക്കറ്റ് മുന്നേറിയപ്പോള്‍ തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെ മുംബയും കാണികളുടെ മനംകവര്‍ന്നു.
ലീഗ് മത്സരങ്ങളിലെ സ്‌കോറിങ് മെഷീനായിരുന്ന അജിത് ലാല്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കിലും ജെറോമിന്റെ കരുത്തുറ്റ സ്മാഷുകള്‍ ഗാലറിയെ ഇളക്കിമറിച്ചു. കനത്ത വെല്ലുവിളികള്‍ക്കൊടുവിലാണ് കാലിക്കറ്റ് ഒന്നും മൂന്നും സെറ്റ് നേടിയത്. ആദ്യംമുതല്‍ മുംബ ആക്രമിച്ചുകയറിയ മൂന്നാം സെറ്റില്‍ അടിമുടി ആവേശമായിരുന്നു. 7-12ന് പിന്നിലായ കാലിക്കറ്റ് സൂപ്പര്‍ പോയന്റും സൂപ്പര്‍ സര്‍വീസും വിളിച്ച് തിരിച്ചുവന്നു. രണ്ടും വിജയമായതോടെ സ്‌കോര്‍ 11-12 എന്നനിലയിലായി. പിന്നീട് മുംബയ്ക്ക് അടിപതറി.
ആദ്യസെറ്റിന്റെ തുടക്കംമുതല്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമായിരുന്നു. നായകന്‍ ജെറോം വിനീതിന്റെയും പോള്‍ ലോട്മാന്റെയും മികവില്‍ കാലിക്കറ്റ് മുന്നേറിയപ്പോള്‍ തോമിസ്ലാവ് കോസ്‌കോവിക്കും വിനീത് കുമാറും മുംബയ്ക്കുവേണ്ടി തിരിച്ചടിച്ചു. 10-10 എന്നനിലയില്‍നിന്ന് കാലിക്കറ്റ് സെറ്റ് പോയന്റിലേക്ക് കുതിച്ചു. മുംബയുടെ സൂപ്പര്‍ പോയന്റ് നഷ്ടത്തില്‍നിന്ന് 12-10 ലീഡുനേടി, 15-12 എന്നനിലയില്‍ സെറ്റ് നേടി.
രണ്ടാം സെറ്റിന്റെ പകുതിയോളം കടുത്ത വെല്ലുവിളിയുയര്‍ത്തിയ മുംബയെ കാലിക്കറ്റ് പിടിച്ചുകെട്ടി. കിറുകൃത്യം സ്‌പൈക്കുകളിലൂടെ കാലിക്കറ്റിന്റെ സ്‌കോര്‍ കുതിച്ചു. ബുധനാഴ്ച രണ്ടാം സെമിയില്‍ കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സും ചെന്നൈ സ്പാര്‍ട്ടന്‍സും ഏറ്റുമുട്ടും.
Content Highlights: Pro Volleyball League Unbeaten Calicut Heroes storms into final