കൊച്ചി: കേരളത്തില്‍ ഇനി വോളിബോളിന്റെ ആവേശകാലം. പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ശനിയാഴ്ച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും യു മുംബ വോളിയും ഏറ്റുമുട്ടും. വൈകുന്നേരം ഏഴിന് മത്സരം തുടങ്ങും.
കാത്തിരുന്ന നിമിഷം എത്തിയെന്നും ആരാധകര്‍ ലീഗിനെ കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതായും കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ട്യന്‍ പറയുന്നു. വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് മികച്ച അവസരമാകും ലീഗെന്നും ഹോം ടീമുമായാണ് ആദ്യമല്‍സരം എന്നത് വെല്ലുവിളിയാണെങ്കിലും ഒരുങ്ങിക്കഴിഞ്ഞെന്നും യു മുംബ വോളി നായകന്‍ ദീപേഷ് സിന്‍ഹ വ്യക്തമാക്കി.
ജെറോം വിനീത് നയിക്കുന്ന കാലിക്കറ്റ് ഹീറോസാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീം. മല്‍സരം കേരളത്തില്‍ തുടങ്ങാനായിന്റെ സന്തോഷത്തിലാണ് ജെറോമും. ടൂര്‍ണമെന്റിന്റെ ആദ്യ പാദം കേരളത്തിലായതില്‍ സന്തോഷമുണ്ടെന്നും സംസ്ഥാനവും കൊച്ചിയും പല കായിക മല്‍സരങ്ങളുടെയും ഹബ്ബാണെന്നും ലീഗിന്റെ പ്രഥമ പതിപ്പിന് ആരാധകര്‍ ഏറെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജെറോം പറഞ്ഞു.
ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, ബ്ലാക്ക് ഹോക്ക്‌സ് ഹൈദരാബാദ് എന്നീ ടീമുകളും വിജയപ്രതീക്ഷയിലാണ്.
റൗണ്ട് റോബിന്‍ മല്‍സരങ്ങള്‍ 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും നടക്കുക. ആദ്യം 15 പോയിന്റിലെത്തുന്നവര്‍ വിജയിക്കും. പ്ലേഓഫുകളില്‍ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം നല്‍കും. ഒരു ടീം 5-0ന് വിജയിച്ചാല്‍ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും.
ആവേശം കൂട്ടുന്നതിനായി സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ് എന്നിങ്ങനെ രണ്ടു ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഏസ് സെര്‍വ് ചെയ്യുന്നതിനും രണ്ടു പോയിന്റ് വീതം ടീമിന് ലഭിക്കും. ഇതിന് പൂപ്പര്‍ സെര്‍വ് എന്നു പറയും. ഓരോ സെറ്റിലും ടീമിന് സൂപ്പര്‍ പോയിന്റ് വിളിക്കാം. സൂപ്പര്‍ പോയിന്റ് വിളിച്ച ടീം അതു നേടിയാല്‍ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാല്‍ എതിരാളികള്‍ക്ക് രണ്ടു പോയിന്റ് ലഭിക്കും. ഒരു ടീം 11 പോയിന്റ് നേടുന്നതു വരെ മാത്രമാണ് സൂപ്പര്‍ പോയിന്റ് വിളിക്കാന്‍ അനുവാദമുള്ളത്.
Content Highlights: Pro Volleyball League Stars Today Kochi Blue Spikers vs U Mumba Volley