ന്യൂഡല്‍ഹി: പാകിസ്താന്‍ ഹോക്കി ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി ഹോക്കി ഇന്ത്യ. 2014 ചാമ്പ്യന്‍സ് ട്രോഫിക്കിടെ മോശമായി പെരുമാറിയ പാക് താരങ്ങള്‍ മാപ്പ് പറയാതെ പാകിസ്താനുമായി ഒരു പരമ്പരയും കളിക്കില്ലെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ (പി.എച്ച്.എഫ്) ഹോക്കി ഇന്ത്യക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം പാക് താരങ്ങള്‍ ജഴ്‌സിയൂരുകയും കാണികള്‍ക്ക് നേരെ അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാകിസ്താനെ വിലക്കിയിരുന്നു. ഇത് ചാമ്പ്യന്‍സ് ട്രോഫിക്കിടെയുണ്ടായ സംഭവത്തെ തുടര്‍ന്നാണെന്ന് പി.എച്ച്.എഫ് സെക്രട്ടറി ഷഹബാസ് അഹമ്മദ് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ വിസക്ക് വേണ്ടിയുള്ള അപേക്ഷ വൈകിപ്പിച്ചതിനാലാണ് പാകിസ്താന് ജൂനിയര്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതിരുന്നതെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ ചാമ്പ്യന്‍സ് ട്രോഫിക്കിടെയുണ്ടായ സംഭവുമായി കൂട്ടിക്കുഴക്കുന്നത് നാണംകെട്ട കാര്യമാണെന്ന് ഹോക്കി ഇന്ത്യ ബോര്‍ഡംഗം ആര്‍.പി സിംഗ് വ്യക്തമാക്കി.