ചെന്നൈ: പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ കേരളത്തിന്റെ പെണ്‍കൊടികള്‍ റെയില്‍വേസിനെ അട്ടിമറിച്ചു. കേരളത്തിന്റെ പതിനൊന്നാം കിരീടമാണിത്. നേരത്തെ പഞ്ചാബിനോട് തോറ്റ നിലവിലെ ചാമ്പ്യന്‍മാരായ പുരുഷ ടീമിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ആവേശം നിറഞ്ഞ ഫൈനലിനൊടുവില്‍ കേരളാ വനിതകള്‍ ചരിത്രത്തിലേക്ക് സര്‍വുതിര്‍ക്കുകയായിരുന്നു. ആദ്യ സെറ്റും മൂന്നാം സെറ്റും റെയില്‍വേസ് നേടിയെങ്കിലും രണ്ടും നാലും അഞ്ചും സെറ്റുകള്‍ നേടി കേരളം വിജയമുറപ്പിച്ചു. 15-8നായിരുന്നു അവസാന സെറ്റില്‍ കേരളത്തിന്റെ വിജയം.
സദാനന്ദന്റെ പരിശീലനത്തിലിറങ്ങിയ കേരളം അവസാന ലാപ്പില്‍ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത്. 8-7ന് റെയില്‍വേ ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി കേരളം 10-8ന് മുന്നിലെത്തി. പിന്നീട് കേരളത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 15-8ന് സെറ്റും ചരിത്രവും സ്വന്തമാക്കി.
Content Highlights: National Senior Volleyball Championship Kerala Women Win