ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷം റെയില്‍വേസിന് മുന്നില്‍ അടിയറ വച്ച കിരീടം വീണ്ടെടുക്കാന്‍ കേരളത്തിന് സാധിച്ചു.
നേരത്തെ വനിത വിഭാഗം ഫൈനലില്‍ കേരളത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റെയില്‍വേസ് ചാമ്പ്യന്‍മാരായിരുന്നു. വനിത വിഭാഗം ഫൈനലില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയും നിരാശയോടെ മടങ്ങിയതിന് പകരം വീട്ടാനിറങ്ങിയ പുരുഷന്‍മാര്‍ റെയില്‍വേസിനെതിരെ ആദ്യ സെറ്റില്‍തന്നെ ആധിപത്യം ഉറപ്പിച്ചു. 25-17 ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ റെയില്‍വേസ് ശക്തമായി തിരിച്ചടിച്ച് 25-20 ന് സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ പരിചയ സമ്പത്ത് മുതലെടുത്ത് 26-24 ന് കേരളം കൈപിടിയിലൊതുക്കിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാലാം സെറ്റ് അവസാന നിമിഷം 27-25 ന് റെയില്‍വേസ് സ്വന്തമാക്കി. നിര്‍ണായകമായ അവസാന സെറ്റില്‍ തുടക്കം മുതല്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സാധിച്ചതോടെ 15-9 ന് സെറ്റ് സ്വന്തമാക്കിയാണ് കേരളം കിരീടം ഉറപ്പിച്ചത്.