ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട ഫൈനല്‍. മഹാരാഷ്ട്രെയെ തോല്‍പ്പിച്ച് കേരളത്തിന്റെ വനിതകള്‍ ഫൈനലിലെത്തിയപ്പോള്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് പുരുഷ ടീം കലാശക്കളിക്ക് യോഗ്യത നേടിയത്. ഇരുവിഭാഗം ഫൈനലിലും റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. വെള്ളിയാഴ്ച്ചയാണ് ഫൈനല്‍ മത്സരങ്ങള്‍.
തമിഴ്‌നാടിനെതിരെ ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് പുരുഷ ടീം ഫൈനലിലെത്തിയത്. സ്‌കോര്‍: 25-19, 19-25, 23-25, 16-25. സെമിയില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ വനിതാ ടീം കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 25-18, 21-25,25-21,25-14.
നേരത്തെ പശ്ചിമ ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം സെമിഫൈനലില്‍ ഇടം പിടിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തിയ കേരള പുരുഷന്‍മാര്‍ ഹിമാചല്‍ പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അവസാന നാലിലെത്തിയത്.