ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം സെമിഫൈനലില്‍ പ്രവേശിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ ചൈനീസ് താരം യു വുവിനെ 5-0ത്തിന് തോല്‍പിച്ചാണ് മേരി കോം അവസാന നാലിലെത്തിയത്.
ഇതോടെ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം ഒരു മെഡൽ ഉറപ്പിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി കോം വെങ്കലം നേടിയിരുന്നു. ഉത്തര കൊറിയയുടെ കിം ഹയാങ്ങാണ് സെമിയില്‍ മേരികോമിന്റെ എതിരാളി. കൊറിയയുടെ ബാക് ചൊറോങ്ങിനെ തോല്‍പ്പിച്ചാണ് ഹയാങ് സെമിയിലെത്തിയത്.
ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണമെഡല്‍ ഇതുവരെ മേരികോം നേടിയിട്ടുണ്ട്. ഈ റെക്കോഡില്‍ അയര്‍ലന്‍ഡ് താരം കാറ്റി ടെയ്‌ലര്‍ക്കൊപ്പമാണ് ഇന്ത്യന്‍ താരം. ഇനി ഒരു സ്വര്‍ണം കൂടി നേടിയാല്‍ മേരി കോമിന്റെ അക്കൗണ്ടില്‍ ആറു സ്വര്‍ണമാകും.
2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയപ്പോള്‍ മേരികോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വര്‍ണം നേടി.
Content Highlights: Mary Kom Enters World Championships Semi Final Assured of a Medal