ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച് മത്സരിക്കാനാവില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദു ഇറാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍വാങ്ങി. ഇറാനിലെ നിയമമനുസരിച്ച് രാജ്യത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം.
ഞാന്‍ ഒരു വിപ്ലവകാരിയൊന്നുമില്ല, എന്നാല്‍, ഇങ്ങിനെ കായികതാരങ്ങളെ തല മറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് കായികരംഗത്തിന്റെ അന്ത:സത്തയ്ക്ക് തന്നെ എതിരാണ്-മുന്‍ ലോക ഒന്നാം നമ്പറുകാരിയായ ഹീന ട്വിറ്ററില്‍ കുറിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഹീന അഭ്യര്‍ഥിച്ചു.
ഡിസംബറില്‍ ടെഹറാനിലാണ് ചാമ്പ്യന്‍ഷിപ്പ്. ടൂര്‍ണമെന്റില്‍ നിന്ന് താന്‍ പിന്‍മാറുന്ന കാര്യം അറിയിച്ച് ഹീന ദേശീയ റൈഫിള്‍ അസോസിയേഷന് കത്തെഴുതിയിട്ടുണ്ട്.
2013 ലോകകപ്പിലും റിയോ ഒളിമ്പിക്‌സിന്റെ ഏഷ്യന്‍ യോഗ്യത ടൂര്‍ണമന്റിലും സ്വര്‍ണം നേടിയ താരമാണ് ഹീന സിദ്ദു.
ഇയ്യിടെ ഇറാൻ സന്ദർശിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസിഡന്റ് ഹസൻ റൗഹാനിയുമായി ചർച്ച നടത്താനെത്തിയത് തല മറച്ചായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു.