ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജകമുപയോഗിച്ചുവെന്ന കേസ് ഇനി സി.ബി.ഐ അന്വേഷിക്കും. നര്‍സിങ്ങിന്റെയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും അപേക്ഷ പരിഗണിച്ച പ്രധാനമന്ത്രിയുടെ ഓഫീസാണ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്.
ഉത്തേജക വിവാദത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരേണ്ടത് അത്യാവശ്യാമായത് കൊണ്ട് ആഗസ്ത് 28ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നതായും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതില്‍ ഉചിതമായ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ബ്രിജ് ഭുസാന്‍ ശരണ്‍ സിങ്ങ് വ്യക്തമാക്കി.
ഉത്തേജകമുപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നര്‍സിങ് യാദവിന്റെ ഒളിമ്പിക്‌സ് പങ്കാളിത്തം ആദ്യം സംശയത്തിലായിരുന്നു. എന്നാല്‍ തനിക്ക് ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി തന്നതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള നര്‍സിങ്ങിന്റെ വാദം അംഗീകരിച്ച ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു.
തുടര്‍ന്ന് 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാന്‍ റിയോയിലെത്തിയ നര്‍സിങ്ങിന്റെ മുന്നില്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വിലങ്ങു തടിയായി നിന്നു. നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ നടപടി കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കുകയും നര്‍സിങ്ങിന് മത്സരം നടക്കുന്നതിന് തൊട്ടു മുമ്പ് പിന്മാറേണ്ടി വരികയും ചെയ്തു. നാഡയുടെ തീരുമാനത്തിനെതിരെ അന്തര്‍ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
തനിക്ക് മത്സരിക്കാന്‍ പറ്റാത്തതിനാല്‍ ഇന്ത്യക്ക് ഒരു മെഡല്‍ നഷ്ടമായെന്നും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സി.ബി.ഐ അന്വേഷിക്കണമെന്നും റിയോയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങും മുമ്പ് നര്‍സിങ്ങ് പ്രതികരിച്ചിരുന്നു.