റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളെ പരിഹസിച്ച എഴുത്തുകാരി ശോഭ ഡേ വീണ്ടും വിവാദ ട്വീറ്റുമായി രംഗത്ത്. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒളിമ്പിക്‌സിലെ താരങ്ങള്‍ക്ക് ബി.എം.ഡബ്ല്യു കാര്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ടാണ് ശോഭ ഡേയുടെ ട്വീറ്റ്.
ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത കാറുകള്‍ ബി.എം.ഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിനാണ് പി.വി സിന്ധു, ഗോപീചന്ദ്, ദിപ കര്‍മാക്കര്‍, സാക്ഷി മാലിക്ക് എന്നിവര്‍ക്ക് കൈമാറിയത്.
ഇത് ബി.എം.ഡബ്ല്യുവിന്റെ പരസ്യതന്ത്രമാണെന്നും കൈകാര്യം ചെയ്യാന്‍ ഏറെ പണം ചെലവാകുന്ന ഇത്തരം വിലപിടിപ്പുള്ള വലിയ കാറുകള്‍ റോഡിലിറക്കാനും കേടു വരാതെ സൂക്ഷിക്കാനും ആര് തയ്യാറാകുമെന്നുമാണ് ശോഭ ട്വീറ്റ് ചെയ്തത്.
നേരത്തെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചായിരുന്നു ശോഭ ഡേ ട്വീറ്റ് ചെയ്തത്. സെല്‍ഫിയെടുക്കാന്‍ വേണ്ടി മാത്രമാണ് ഇന്ത്യന്‍ ടീം റിയോയിലേക്ക് പോകുന്നതെന്നും മെഡലൊന്നുമില്ലാതെയാകും തിരിച്ചെത്തുകയെന്നും ശോഭ ട്വീറ്റില്‍ കുറിച്ചിരുന്നു. ഇന്ത്യ വെറുതെ പണം കളയുകയാണെന്നും ശോഭ ആരോപിച്ചിരുന്നു.