ന്യൂഡല്‍ഹി: ഗുസ്തി താരം യോഗേശ്വര്‍ ദത്തിലൂടെ ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ ഒരു വെള്ളി മെഡല്‍ കൂടി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായി മാറുകയായയിരുന്നു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെസിക് കുദനോവിനെ അയോഗ്യനാക്കുന്നതായും യോഗേശ്വര്‍ ദത്തിനെ വെള്ളി മെഡലിലേക്ക് ഉയര്‍ത്തിയതായും ഐ.ഒ.സി അറിയിച്ചു. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടുന്ന താരമായി യോഗേശ്വര്‍ ദത്ത്.
നാല് തവണ ലോക ചാമ്പ്യനും ഇരട്ട ഒളിമ്പിക് ചാമ്പ്യനുമായ ബെസിക് കുദുകോവ് റഷ്യയില്‍ 2013ലുണ്ടായ കാറപടകത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ റിയോ ഒളിമ്പിക്സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും ഉത്തേജക പരിശോധന നടത്തുകയായിരുന്നു.
ലണ്ടന്‍ ഒളിമ്പിക്സിന്റെ സമയത്ത് ശേഖരിച്ച സാമ്പിളുകളാണ് ഇതിനായി ഉപയോഗിച്ചത്. കുദുകോവ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായ ഉത്തേജക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തി പ്രീ ക്വാര്‍ട്ടറില്‍ കുദുകോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ ദത്ത് പിന്നീട് റെപ്പഷാഗെ റൗണ്ടിലൂടെയാണ് വെങ്കല മെഡല്‍ നേടിയത്. ഇത്തവണത്തെ റിയോ ഒളിമ്പിക്സില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.