കൊച്ചി: സൂപ്പര്‍ താരം ഡേവിഡ് ലീയുടെ മികവില്‍ പ്രോ വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വിജയം. രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് അഹമ്മദാബാദിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 10-15, 15-11, 11-15, 15-12, 15-12. ഇതോടെ കൊച്ചിക്ക് നാലുപോയന്റായി.
ഡേവിഡ് ലീയാണ് (10) കൊച്ചിയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉക്രപാണ്ഡ്യന്‍ കളിയിലെ താരമായി. വിക്ടര്‍ സിസയേവാണ് (13) അഹമ്മദാബാദിന്റെ ടോപ് സ്‌കോറര്‍.
ആക്രമണത്തില്‍ കൊച്ചിയുടെ യൂണിവേഴ്സല്‍ താരം മനുവും ആന്ദ്രെ പതുക്കും നിറംമങ്ങിയപ്പോള്‍ മിഡില്‍ ബ്ലോക്കറായ ഡേവിഡ് ലീ കൂടുതല്‍ ആക്രമണത്തിലേക്ക് മാറി. രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി മൂന്നു സ്മാഷുകള്‍. അടുത്ത സെറ്റില്‍ തുടരെ രണ്ടു ബ്ലോക്കുകള്‍. സ്റ്റേഡിയം വിറച്ചു.
ആദ്യസെറ്റിന്റെ തുടക്കത്തില്‍ പിന്നില്‍പ്പോയ കൊച്ചിക്ക് (4-0) തിരിച്ചുവരാനായില്ല. 5-2ന് മുന്നില്‍നില്‍ക്കെ അഹമ്മദാബാദ് വിളിച്ച സൂപ്പര്‍ പോയന്റ് അവര്‍ സൂപ്പര്‍ സെര്‍വിലൂടെ നേടി. അതിനാല്‍ രണ്ടാമതൊരിക്കല്‍ക്കൂടി സൂപ്പര്‍ പോയന്റ് വിളിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവിടെ മൈന്‍ഡ് ഗെയിമില്‍ ലഭിച്ച മേധാവിത്തം സെറ്റ് തീരുവോളം അഹമ്മദാബാദിനായി. രണ്ടാം സെറ്റില്‍ കൊച്ചി 9 സ്‌പൈക്ക് പോയന്റ് നേടിയപ്പോള്‍ ഡിഫന്‍ഡേഴ്സിനെ ആറേ കിട്ടിയുള്ളൂ. ഒന്നാം സെറ്റില്‍ ഇത് യഥാക്രമം ആറും എട്ടുമായിരുന്നു.
സൂപ്പര്‍ പോയന്റുകളിലാണ് മൂന്നാം സെറ്റ് തീര്‍ന്നത്. മുന്നിട്ടുനില്‍ക്കുകയായിരുന്ന കൊച്ചിയെ 11-11ല്‍ തളച്ച് അഹമ്മദാബാദ് 13-11ലേക്ക് കയറി. അപ്പോള്‍ കൊച്ചി വിളിച്ച സൂപ്പര്‍ പോയന്റ് നഷ്ടപ്പെടുകകൂടി ചെയ്തതോടെ സെറ്റ് തീര്‍ന്നു. 15-11.
നാലാം സെറ്റില്‍ രണ്ടു സൂപ്പര്‍ പോയന്റുകള്‍ തുടരെ കിട്ടിയതോടെ കൊച്ചി ഒപ്പമെത്തി (8-8). അതിനൊടുവില്‍ നീണ്ട വോളികള്‍ പിറന്നതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അവസാന സെറ്റില്‍ കൊച്ചി ശരിക്കും കൊച്ചിയായി. ഉക്രനും പ്രഭാകരനും ഫോമിലേക്കുയര്‍ന്നു. സെറ്റും മത്സരവും കൊച്ചി നേടി.
Content Highlights: Kochi Blue Spikers vs Ahmedabad Defenders Pro Volleyball League