കോഴിക്കോട്: വോളിബോള്‍ കളത്തില്‍ നിന്നുമുള്ള തന്റെ പിന്മാറ്റം പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണെന്ന് ദേശീയ ചാമ്പ്യന്മാരായ കേരള വോളിബോള്‍ ടീമിന്റെ ഉപനായകന്‍ കിഷോര്‍. കോഴിക്കോട്ട് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയിച്ചുകൊണ്ട് വിരമിക്കുക എന്നത് ഉചിതമായ കാര്യമാണ്. ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം നേടിയതാണ് വിരമിക്കലിന് പറ്റിയ സമയമെന്ന് തോന്നി. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്ന് മാത്രമേ വിരമിച്ചിട്ടുള്ളൂ. സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റായ ബിപിസിഎല്ലിനുവേണ്ടി ആവുന്നത്ര കളിക്കണമെന്നാണ് ആഗ്രഹമെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ സീനിയര്‍ വോളി കിരീടം കേരളത്തിന് നേടിക്കൊടുത്തതിന് തൊട്ടുപിന്നാലെയാണ് കിഷോര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
എറണാകുളം ബി.പി.സി.എല്ലില്‍ ജോലി ചെയ്യുന്ന കിഷോര്‍ ഇത്തവണ മലപ്പുറം ജില്ലാ ടീമിനുവേണ്ടിയാണ് സംസ്ഥാന സീനിയര്‍ വോളിയില്‍ കളിച്ചത്.