ഭീമവാരം (ആന്ധ്രപ്രദേശ്) : ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഫെഡറേഷന്‍ കപ്പ് വോളിബോളിലും കേരള പുരുഷന്‍മാര്‍ മുത്തമിട്ടു. ദേശീയ വോളിയുടെ തനിയാവര്‍ത്തനമായ ഫൈനലില്‍ റെയില്‍വേസിനെയാണ് തോല്‍പ്പിച്ചത് (25-18, 16-25, 25-23, 25-17). അതേസമയം വനിതാ വിഭാഗത്തില്‍ കിരീടം നിര്‍ണയിച്ച അവസാന റൗണ്ട് മത്സരത്തില്‍ കേരളം റെയില്‍വേസിനോട് തോറ്റു (25-15, 23-25, 18-25, 17-25).
പുരുഷവിഭാഗത്തില്‍ രണ്ടാം തവണയാണ് കേരളം ചാമ്പ്യന്‍മാരാകുന്നത്. 2012-13 ലാണ് ആദ്യമായി കിരീടം നേടിയത്. കഴിഞ്ഞവര്‍ഷം റണ്ണറപ്പായിരുന്നു. 2012 മുതലാണ് ഫെഡറേഷന്‍കപ്പില്‍ സംസ്ഥാന ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് ക്ലബ്ബുകളാണ് മത്സരിച്ചത്. അഖിനാണ് കേരള ടീമിനെ നയിച്ചത്.
പ്രഭാകരനും മനുജോസഫും അടങ്ങുന്ന റെയില്‍വേസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കേരളം തോല്‍പ്പിച്ചത്. രണ്ടാം സെറ്റില്‍ മാത്രമാണ് റെയില്‍വേയുടെ പെരുമയ്ക്കൊത്ത പോരാട്ടം കണ്ടത്. നായകന്‍ അഖിനും അജിത്ത് ലാലും ലിബറോ രതീഷും ജിതിനും മിന്നും ഫോമിലേക്കുയര്‍ന്നതോടെ കിരീടം കേരളത്തിനായി.
ആദ്യ സെറ്റില്‍ തുടക്കത്തില്‍ പിന്നില്‍പോയ കേരളം 9-9 ല്‍ ഒപ്പം പിടിച്ചു. തുടര്‍ന്ന് 11-13 ന് ലീഡ് നേടിയ ശേഷം വിട്ടുകൊടുത്തില്ല. രണ്ടാം സെറ്റില്‍ റെയില്‍വേ തിരിച്ചടിച്ചു. 4-0, 7-0 എന്നിങ്ങനെ ലീഡെടുത്ത റെയില്‍വേ ക്രമാനുഗതമായ ലീഡ് ഉയര്‍ത്തി സെറ്റ് നേടി. മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. 15 പോയന്റ് വരെ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. തുടര്‍ന്ന് കേരളം 18-15 ന് ലീഡ് പിടിച്ചു. ആ ലീഡ് സെറ്റ് പിടിക്കുംവരെ തുടരാനുമായി. നാലാം സെറ്റില്‍ കേരളം തകര്‍പ്പന്‍ ഫോമിലായി. അജിത്ത് ലാലും ലിബറോ രതീഷും തകര്‍പ്പന്‍ ഫോമിലായതോടെ 8-8 എന്ന നിലയില്‍ നിന്ന് 10-15ലേക്കും 12-19ലേക്കും ലീഡ് വളര്‍ത്തിയ കേരളം അനായാസം സെറ്റും കിരീടവും നേടി.
വനിതാ വിഭാഗത്തില്‍ ആദ്യ സെറ്റില്‍ മാത്രമാണ് വനിതകള്‍ക്ക് റെയില്‍വേസിനെ വിറപ്പിക്കാനായത്. ആദ്യ സെറ്റ് 25-23 ന് സ്വന്തമാക്കിയ കേരളം പിന്നീടുള്ള സെറ്റുകളില്‍ പൊരുതാവാനാതെ കീഴടങ്ങുകയായിരുന്നു. ദേശീയ വോളി ഫൈനലിലും കേരളം റെയില്‍വേയോട് കീഴടങ്ങിയിരുന്നു. അഞ്ജുമോള്‍, അഞ്ജു ബാലകൃഷ്ണന്‍, അനുശ്രീ, രേഖ, ഫാത്തിമ റുക്സാന, റോഷന ജോണ്‍, ജിനി കെ.എസ്, പി. അശ്വതി, നിഷി തോമസ്, എം. ശ്രുതി, കൃഷ്ണ, ഇ.പി. സിനിഷ എന്നിവരുള്‍പ്പെട്ടതാണ് കേരള ടീം.
Content Highlights: Kerala Champions In Federation Cup Volleyball