ധാക്ക: പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിലാണ് പാകിസ്താനെതിരെ ഇന്ത്യയുടെ ആധികാരിക വിജയം. സത്ബീര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, ഗുര്‍ജന്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ഏഴ് പോയന്റുമായി പൂള്‍ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് ഒരു സമനില മാത്രം മതിയായിരുന്നു ഇന്ത്യക്ക്. എന്നാല്‍ മികച്ച ഫോമില്‍ തകര്‍ത്ത് കളിച്ച ടീം ഇന്ത്യ പാകിസ്താന് ഒരവസരവും നല്‍കാതെ വിജയത്തോടെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ കൊറിയയോട് സമനിലയും മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കും ഇന്ത്യന്‍ തോല്‍പ്പിച്ചിരുന്നു.