ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ വിജയം തുടരുന്നു. പൂള്‍ എ മത്സരത്തില്‍ ജപ്പാനേയും ബംഗ്ലാദേശിനെയും തകര്‍ത്ത ഇന്ത്യ പാകിസ്താനെതിരെയും വിജയം ആവര്‍ത്തിച്ചു. ധാക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
17-ാം മിനിറ്റില്‍ ചിംഗ്‌ലെന്‍സാനയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് 44-ാം മിനിറ്റില്‍ രമണ്‍ദീപ് സിങ്ങ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീട് തൊട്ടടുത്ത മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങ് വീണ്ടും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. അവസാന ക്വാര്‍ട്ടറില്‍ അലി ഷാനാണ് പാകിസ്താനായി ഒരു ഗോള്‍ തിരിച്ചടിച്ചത്.
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ ഒമ്പത് പോയിന്റുമായി മുന്നില്‍ തുടരുകയാണ്. നാല് പോയിന്റുള്ള പാകിസ്താന്‍ രണ്ടാമതാണ്. ഇതോടെ ഇന്ത്യയും പാകിസ്താനും റൗണ്ട് റോബിന്‍ സൂപ്പര്‍ ഫോര്‍ സ്‌റ്റേജിലേക്ക് മുന്നേറി.
ഈ വര്‍ഷം ലണ്ടനില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലിലും ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. നേരത്തെ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളിനും ബംഗ്ലാദേശിനെ എതിരില്ലാത്ത ഏഴു ഗോളിനുമാണ് ഇന്ത്യ തകര്‍ത്തത്.