വാന്‍കോവര്‍: ഇന്ത്യന്‍ വനിതാ ഹോക്കി ടീം വേള്‍ഡ് ലീഗ് സെമി ഫൈനലില്‍. റൗണ്ട് റ്റുവില്‍ ചിലിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് നിര്‍ണായകമായത്. കിം ജേക്കബിന്റെയും ജോസെഫയുടെയും ഷോട്ട് തടഞ്ഞിട്ട സവിത ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. റാണി രാംപാലും മോണിക്കയും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 2-0ത്തിന് മുന്നിലായി.
പിന്നീട് ചിലിക്കായി കരോളിന ഗാര്‍ഷ്യ ലക്ഷ്യം കണ്ടു. ഇതോടെ ഷൂട്ടൗട്ട് 2-1 എന്ന നിലയിലായി. ഇന്ത്യയുടെ അടുത്ത കിക്കെടുക്കാന്‍ വന്നത് ദീപികയായിരുന്നു. ദീപികക്ക് ലക്ഷ്യം തെറ്റിയില്ല. ഇന്ത്യ 3-1ന് ഷൂട്ടൗട്ടില്‍ വിജയിച്ച് സെമിയിലേക്ക് മുന്നേറി.
അഞ്ചാം മിനിറ്റില്‍ തന്നെ മരിയ മാല്‍ഡൊനാഡോയിലൂടെ ചിലിയാണ് മുന്നിലെത്തിയത്. 41ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍ വന്നത്. അനൂപ ബര്‍ളയായിരുന്നു ഗോള്‍സ്‌കോറര്‍.