ദംഗലിനേക്കാൾ കേമമാണ് പേരാവൂരിലെ കോർട്ടിൽ ഈ അച്ഛനും മക്കളുമെഴുതിയ കഥ


3 min read
Read later
Print
Share

കണ്ണൂരിന്റെ കിഴക്കേ അറ്റത്ത് പേരാവൂരിന് സമീപം താമസിക്കുന്ന ഈ കായികകുടുംബം ആരാധ്യമാകാന്‍ കാരണം ജിമ്മിയും സഹോദരങ്ങളുമായിരുന്നു

രിയാനയിലെ ഭിവാനിയിലെ മഹാവിര്‍ ഫൊഗാട്ടിനെയും മക്കള്‍ ഫൊഗാട്ട് സിസ്റ്റേഴ്‌സിനെയും നമ്മള്‍ മറക്കാനിടയില്ല. ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ സമ്മാനിച്ച ആ കുടുംബത്തിന്റെ കഥ കടമെടുത്ത് ആമിര്‍ ഖാന്‍ ദംഗല്‍ എന്ന ചിത്രവുമെടുത്തു. എന്നാല്‍ ഒരു കുടുംബമൊന്നാകെ ഇന്ത്യന്‍ കായികരംഗത്തിന് പ്രകാശം പരത്തിയ കഥ തേടി നമ്മള്‍ ഭിവാനി വരെ പോകേണ്ട ആവശ്യമൊന്നുമില്ല. നമ്മുടെ തൊട്ടടുത്ത് കണ്ണൂരിലെ പേരാവൂരില്‍ അങ്ങനെയൊരു കുടുംബനാഥനും കുടുംബവുമുണ്ട്. പേരാവൂര്‍ കുടക്കച്ചിറ വീട്ടില്‍ ജോര്‍ജ് വക്കീലും കുടുംബവും. വോളിബോളില്‍ ഇന്ത്യയുടെ ഇതിഹാസമായി മാറിയ ജിമ്മി ജോര്‍ജ് മുതല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച അഞ്ജു ബോബി ജോര്‍ജ്ജ് വരെ നീണ്ടു നില്‍ക്കുന്നതാണ് ആ കുടുംബത്തിന്റെ വേരുകള്‍. ഫൊഗാട്ട് സിസ്റ്റേഴ്‌സിനും മുമ്പെ പിറവിയെടുത്ത ജോര്‍ജ്ജ് ബ്രദേഴ്‌സിന്റെ അച്ഛനാണ് ജോര്‍ജ്ജ് വക്കീല്‍.

കൗതുകം മാത്രമല്ല വിസ്മയവുമാണ് ജോര്‍ജ്ജ് വക്കീലെന്ന ജോര്‍ജ്ജ് ജോസഫിന്റെ കുടുംബം. കണ്ണൂരിന്റെ കിഴക്കേ അറ്റത്ത് പേരാവൂരിന് സമീപം താമസിക്കുന്ന ഈ കായികകുടുംബം ആരാധ്യമാകാന്‍ കാരണം ജിമ്മിയും സഹോദരങ്ങളുമായിരുന്നു. മരുമകളായെത്തിയ അഞ്ജു ബോബി ജോര്‍ജ്ജ് ആ കായിക യശ്ശസ് വീണ്ടും വിശ്വത്തോളമുയര്‍ത്തി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിയമത്തിന് പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി താരമായിരുന്ന ജോര്‍ജ്ജ് വക്കീലിന്റെ മക്കള്‍ അച്ഛന്റെ അതേ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

കേരളത്തിന്റെ തെക്കന്‍ ജില്ലയില്‍ നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കുടുംബമാണ് ജോര്‍ജ്ജ് വക്കീലിന്റേത്. കുടക്കച്ചിറ ജോസഫ് കുട്ടിയുടെയും അന്നമ്മ ജോസഫിന്റെയും മൂന്നാമത്തെ മകനായി 1932 ജൂണ്‍ 11നാണ് ജോര്‍ജ്ജ് വക്കീല്‍ ജനിച്ചത്. മലബാര്‍ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു ജോര്‍ജ്ജ് ജോസഫ്. കോളേജ് കാലത്തു തന്നെ ഒരു വോളിബോള്‍ താരമെന്ന നിലയില്‍ ജോര്‍ജ്ജ് പേരെടുത്തു കഴിഞ്ഞിരുന്നു.

വോളിബോളിനോടുള്ള ആ കമ്പം ആദ്യം പേരാവൂരില്‍ ഒരു കോര്‍ട്ട് നിര്‍മ്മാണത്തിലെത്തുകയാണ് ചെയ്തത്. 1950-60 കാലഘട്ടത്തിലായിരുന്നു അത്. അന്ന് പള്ളിയുടെ മുറ്റത്തായിരുന്നു വോളിബോള്‍ കളിച്ചിരുന്നത്. എന്നാല്‍ പുതിയ വികാരിയച്ചനെത്തിയതോടെ ആ കളി നിന്നുപോയി. കളിക്കാന്‍ സ്ഥലമില്ലാത്തിനെ തുടര്‍ന്ന് വിഷമിച്ച കൂട്ടുകാരുടെ മുഖത്ത് വീണ്ടും സന്തോഷം വിരിയിച്ചത് ജോര്‍ജ്ജ് വക്കീലായിരുന്നു. തന്റെ കുടുംബസ്വത്തിലെ തെങ്ങു വെട്ടിക്കളഞ്ഞ് ഒന്നാന്തരമൊരു വോളിബോള്‍ കോര്‍ട്ട് ജോര്‍ജ്ജ് വക്കീല്‍ പണികഴിപ്പിച്ചു. അന്ന് എല്ലാവരും അതിനെ വിഡ്ഢിത്തമെന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ 36കാരനായ വക്കീല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ അത് പിന്നീട് ഇന്ത്യന്‍ കായികചരിത്രത്തിന്റെ ഭാഗമായി മാറി. കുടക്കച്ചിറ ജോസഫ് കുട്ടി മെമ്മോറിയല്‍ എന്ന വോളിബോള്‍ ടൂര്‍ണമെന്റിനും ജോര്‍ജ്ജ് വക്കീല്‍ പേരാവൂരില്‍ തുടക്കം കുറിച്ചു.

ഭാര്യ മേരിയും ജോര്‍ജ്ജ് വക്കീലിന്റെ ഈ കായികപ്രേമത്തിനൊപ്പം നിന്നു. പത്തു മക്കളും ഏതെങ്കിലും ഒരു കായിക ഇനത്തില്‍ തിളങ്ങി. അതില്‍ വോളിബോളിനോടൊപ്പം നീന്തലും ട്രാക്കും ഫീല്‍ഡുമുണ്ടായിരുന്നു. മക്കളില്‍ ആണുങ്ങളെല്ലാം വോളിബോള്‍ കളിക്കാരായപ്പോള്‍ പെണ്‍കുട്ടികളെല്ലാം അത്്‌ലറ്റിക്‌സില്‍ തിളങ്ങി. ജോസ്, ജിമ്മി , മാത്യു, സെബാസ്റ്റിയന്‍, ബൈജു, സ്റ്റാന്‍ലി, വിന്‍സ്റ്റണ്‍, റോബര്‍ട്ട്, ജാന്‍സി, സില്‍വിയ..പത്ത് മക്കളും കായികകേരളത്തിന്റെ അഭിമാനമായി. റോബര്‍ട്ട് ബോബി ജോര്‍ജ്ജിന്റെ ഭാര്യയായി അഞ്ജു ബോബി ജോര്‍ജ്ജ് വന്നതോടെ കുടക്കച്ചിറ കുടുംബത്തിന് താരത്തിളക്കമേറി.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരാവൂരിലെ തൊണ്ടിയില്‍ ഹൈസ്‌കൂളില്‍ നടന്ന അപൂര്‍വ്വ മത്സരത്തിലൂടെ വോളിബോളിനെ സ്‌നേഹിച്ച അച്ഛന് മക്കള്‍ ഒരു സമ്മാനമൊരുക്കുകയും ചെയ്തു. വാഹനപകടത്തില്‍ മരിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ ജിമ്മി കളിച്ച അവസാന മത്സരവുമായി അത് മാറി. 1987 മേയ് 25-നാണ് കായികലോകം ഉറ്റുനോക്കിയ വോളിബോള്‍ മത്സരം നടന്നത്. വോളിബോളിന്റെ ചരിത്രത്തിലാദ്യമായി ഒരേ രക്തത്തില്‍ പിറന്ന എട്ട് സഹോദരങ്ങള്‍ അണിനിരന്ന 'ജോര്‍ജ് ബ്രദേഴ്സും' സംസ്ഥാന താരങ്ങളടങ്ങിയ സെലക്ടഡ് സിക്‌സസ് ടീമും തമ്മില്‍ നടന്ന മത്സരം കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികളാണ് അന്ന് പേരാവൂരിലേക്കെത്തിയത്.

ജിമ്മിയുടെ മൂത്തസഹോദരനും മുന്‍ അന്തര്‍ദേശീയ താരവുമായിരുന്ന ജോസ് ജോര്‍ജ് നയിച്ച ടീമില്‍ സഹോദരങ്ങളായ ജിമ്മി, സെബാസ്റ്റ്യന്‍, ബൈജു, ഡോ. മാത്യു, സ്റ്റാന്‍ലി, വിന്‍സ്റ്റന്‍, റോബര്‍ട്ട് എന്നിവര്‍ അണിനിരന്നു. ഇന്ത്യന്‍താരം മാത്യു ജോസഫ് നയിച്ച സെലക്ടഡ് സിക്‌സസ് ടീമില്‍ സംസ്ഥാന താരങ്ങളായ അബ്ബാസ്, ചന്ദ്രന്‍, രാജു, രാജേന്ദ്രന്‍, ഭാസി എന്നിവരാണുണ്ടായിരുന്നത്. ഓരോരുത്തരുടെയും പ്രായമനുസരിച്ചുള്ള ജഴ്‌സി അണിഞ്ഞാണ് അന്ന് മത്സര നടന്നതെന്നതും കൗതുകകരമായ കാര്യമാണ്.

ഹൈസ്‌കൂള്‍ മുറ്റത്ത് പ്രത്യേകം ഒരുക്കിയ ഗ്രൗണ്ടിലായിരുന്നു കാണികളെ ആവേശത്തിന്റെ നെറുകയിലെത്തിച്ച മത്സരം നടന്നത്. ജിമ്മിയുടെ പിതാവ് അഡ്വ. ജോര്‍ജ് ജോസഫായിരുന്നു ടീം കോച്ച്. മാതാവ് മേരി ജോര്‍ജ് ടീം മാനേജരും. വാശിയേറിയ പോരാട്ടത്തില്‍ ആദ്യ സെറ്റ് സെലക്ടഡ് സിക്‌സസ് ടീം (8/15) കരസ്ഥമാക്കി. എന്നാല്‍, പിന്നീടുള്ള മൂന്നുസെറ്റുകള്‍ (15/8, 15/4, 15/7) തുടര്‍ച്ചയായി വിജയിച്ച് ജോര്‍ജ് ബ്രദേഴ്സ് ടീം വോളിബോള്‍ മത്സരത്തില്‍ അന്ന് പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു.

മത്സരം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം ഇറ്റലിയിലേക്ക് മടങ്ങിപ്പോയ ജിമ്മി അതേവര്‍ഷം അവിടെയുണ്ടായ വാഹനപകടത്തില്‍ മരിച്ചു. ഇതു ജോര്‍ജ്ജ് വക്കീലിനേല്‍പ്പിച്ച ആഘാതം വലുതായിരുന്നു. പക്ഷേ മകന്‍ ഇന്ത്യന്‍ കായികചരിത്രത്തിന്റെ ഭാഗമായി എന്ന സന്തോഷവും അഭിമാനവും ജോര്‍ജ്ജ് വക്കീലിനൊപ്പം മരണം വരെയുണ്ടായിരുന്നു.

15-ാം വയസ്സില്‍ കേരളത്തിന് വേണ്ടി കളിച്ച് 21-ാം വയസ്സില്‍ അര്‍ജുന പുരസ്‌കാരം നേടിയ മകന്റെ അച്ഛനായതിലുള്ള അഭിമാനം. പതിമൂന്നടി കുതിച്ചുയര്‍ന്ന് സര്‍വ ശക്തിയും സമാഹരിച്ച് ശരീരം വില്ലുപോലെ വളച്ച് എതിര്‍ കോര്‍ട്ടിലേക്ക് പന്ത് തൊടുത്തുവിടുമ്പോഴും തന്റെ കൈവിരലുകള്‍ അച്ഛന്‍ ജോര്‍ജ്ജ് വക്കീലിന്റെ കൈക്കുള്ളിലാണെന്നായിരുന്നു ജിമ്മി വിശ്വസിച്ചിരുന്നത്. ഇതിലും വലിയൊരു ആദരം ഒരച്ഛനും ലഭിക്കാനിടയില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram