പേരാവൂര്‍: കായികരംഗത്ത് നിരവധി അതുല്യ പ്രതിഭകളെ സമ്മാനിച്ച അഡ്വ.ജോര്‍ജ് ജോസഫ് വോളീബോളിനെ ജീവനുതുല്യം സ്നേഹിച്ച വ്യക്തിയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ വോളിബോളില്‍ ആകൃഷ്ടനായ അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റി പ്ലെയറായി നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
വോളിബോളിനായി ജീവിതം തന്നെ മാറ്റിവെച്ച അദ്ദേഹം തന്റെ ഏഴ് ആണ്‍മക്കളെയും വോളിബോള്‍ പരിശീലിപ്പിക്കുകയും ദേശീയ തലം വരെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ജിമ്മി ജോര്‍ജ് അന്തര്‍ദേശീയ താരമായിരുന്നു.
മലബാറിലെ ആദ്യ കുടിയേറ്റ കുടുംബമായ കുടക്കച്ചിറ തറവാട്ടില്‍ 1932 ലായിരുന്നു ജോര്‍ജ് ജോസഫിന്റെ ജനനം. 1950-ല്‍ തലശ്ശേരി സെന്റ്. ജോസഫ്സ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞു. 1952-ല്‍ മൈസൂര്‍ സെന്റ് ഫിലോമിന കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റി പൂര്‍ത്തിയാക്കി.
1952-54 കാലയളവില്‍ തൃശ്ശിനാപ്പള്ളി സെന്റ്.ജോസഫ് കോളേജില്‍ നിന്ന് ബി.എ. ബിരുദം നേടിയ ജോര്‍ജ് ജോസഫ് 1956-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി.പാസായി. 1956 മുതല്‍ പത്ത് വര്‍ഷത്തോളം കൂത്തുപറമ്പ് കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്തു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായിരുന്ന ജോര്‍ജ് ജോസഫ് കെ.പി.സി.സി അംഗമായും ദീര്‍ഘകാലം കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊണ്ടിയില്‍ സെന്റ് ജോസഫ്സ് പള്ളി സ്ഥലത്തെ വോളിബോള്‍ കോര്‍ട്ടിലായിരുന്നു ജോര്‍ജ് ജോസഫം അടക്കമുള്ളവര്‍ ആദ്യകാലത്ത് വോളിബോള്‍ പരിശീലിച്ചിരുന്നത്. 1970-ല്‍ പള്ളി സ്ഥലത്തെ കോര്‍ട്ട് അടച്ചിട്ടതോടെയാണ് ജോര്‍ജ് ജോസഫ് വോളീബോളിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത തീരുമാനമെടുത്ത് കായികപ്രേമികള്‍ക്ക് ആവേശം പകര്‍ന്നത്. തൊണ്ടിയില്‍ ടൗണിനു സമീപത്തെ തന്റെ സ്വന്തം കൃഷിഭൂമിയിലെ ഇരുപതോളം തെങ്ങുകള്‍ മുറിച്ചു മാറ്റി നാട്ടുകാര്‍ക്കായി ജോര്‍ജ് ജോസഫ് മനോഹരമായ വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു നല്കിയാണ് ചരിത്രം കുറിച്ചത്. ഈ കോര്‍ട്ടിലാണ് ജിമ്മി ജോര്‍ജും സഹോദരങ്ങളും വോളിബോള്‍ പരിശീലിച്ചതും. ലോക കായിക ഭൂപടത്തില്‍ പേരാവൂരിന്റെ പേര് സുവര്‍ണ ലിപികളാല്‍ എഴുതിച്ചേർത്ത അനശ്വരനായ ജിമ്മി ജോര്‍ജിന്റെ പാദസ്പര്‍ശങ്ങളാല്‍ പ്രസിദ്ധമായ ഇതേ വോളീബോള്‍ കോര്‍ട്ടിലാണ് നിലവില്‍ ജിമ്മിജോര്‍ജ് അക്കാദമി മലയോരത്തെ കായികവിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നത്.
ലോകപ്രശസ്ത വോളിബോള്‍ താരം ജിമ്മിജോര്‍ജ്, മുന്‍ അന്തര്‍ദേശീയ താരവും റിട്ട. ഐ.ജിയുമായ ജോസ് ജോര്‍ജ്, മുന്‍ ഇന്ത്യന്‍ കോച്ച് ദ്രോണാചാര്യ റോബര്‍ട്ട് ബോബി ജോര്‍ജ്, ടൈറ്റാനിയം ടീം ക്യാപ്റ്റനായിരുന്ന സെബാസ്റ്റ്യന്‍ ജോര്‍ജ്, മാത്യു ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, വിന്‍സ്റ്റണ്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് എന്നിവരണിനിരന്ന ജോര്‍ജ് ബ്രദേഴ്സ് ടീമുംകേരളത്തിലെ പ്രശസ്തരായ സെലക്ടഡ് സിക്സസ് ടീമും തമ്മില്‍ 1987 മെയ് 26ന് പേരാവൂരില്‍ നടന്ന അപൂര്‍വ വോളിബോള്‍ മത്സരത്തില്‍ ടീം മാനേജര്‍ ജോര്‍ജ് ജോസഫായിരുന്നു.
കായികരംഗത്ത് ഒരേ വീട്ടില്‍ നിന്ന് പെണ്‍മക്കളടക്കം പത്തുപേരെ എത്തിച്ച കുടക്കച്ചിറ ജോര്‍ജ് ജോസഫ് മലയോരത്തെ കായികപ്രേമികള്‍ക്ക് എക്കാലത്തും പ്രിയങ്കരനായിരുന്നു. സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ മലയോരത്തെ കായികപ്രേമികള്‍ ദു:ഖത്തിലാണ്.