ഫെഡറേഷന്‍ കപ്പ് വോളിബോളില്‍ ഇരട്ടക്കിരീടം;ചരിത്രമെഴുതി കേരളം


2 min read
Read later
Print
Share

ഫെഡറേഷന്‍ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഇരുവിഭാഗങ്ങളിലും കപ്പുയര്‍ത്തുന്നത്

അമൃത്സര്‍: ചരിത്രം കുറിച്ച് ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടക്കിരീടം. ഏകപക്ഷീയമായ ഫൈനലില്‍ പുരുഷ ടീം അയല്‍ക്കാരായ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തുവിട്ടു (25-21, 25-18, 25-17). കരുത്തരായ റെയില്‍വേസിനെയാണ് വനിതാ ടീം മൂന്നുസെറ്റുകളില്‍ കെട്ടുകെട്ടിച്ചത് (25-18, 25-20, 25-22).

ഫെഡറേഷന്‍ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഇരുവിഭാഗങ്ങളിലും കപ്പുയര്‍ത്തുന്നത്. ഫൈനലില്‍ തമിഴ്‌നാട് കേരളത്തിന് വെല്ലുവിളിയാവുമെന്നാണ് കരുതിയത്. ഗ്രൂപ്പ് മത്സരത്തില്‍ അഞ്ചു സെറ്റിലാണ് കേരളം തമിഴ്‌നാടിനെ തോല്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ താരങ്ങളായ സെറ്റര്‍ ഉക്രപാണ്ഡ്യനും നവീന്‍ ജേക്കബ് രാജയും വൈഷ്ണവും അണിനിരന്ന തമിഴ്‌നാടിന് കേരളത്തിന്റെ ടീം ഗെയ്മിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ജെറോം വിനീത്, അജിത് ലാല്‍, ഷോണ്‍ ടി. ജോണ്‍ എന്നിവര്‍ ആക്രമണത്തില്‍ മികച്ചുനിന്നപ്പോള്‍ പ്രതിരോധനിരയില്‍ ജി.എസ്. അഖിനും സാരംഗ് ശാന്തിലാലും കേരളത്തിന്റെ വന്‍മതിലായി. ജെറോം ചാമ്പ്യന്‍ഷിപ്പിലെ മികച്ച അറ്റാക്കറും അഖിന്‍ മികച്ച ബ്ലോക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു.

ചാമ്പ്യന്‍ഷിപ്പില്‍ പരാജയമറിയാതെയാണ് ടീം കിരീടം ചൂടിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ്, റെയില്‍വേസ്, ഹരിയാണ, തമിഴ്‌നാട് ടീമുകളെയാണ് കേരളം കീഴടക്കിയത്. സെമിയില്‍ ആതിഥേയരായ പഞ്ചാബിനെ അഞ്ചുസെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ മറികടന്നു.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാ ഫൈനലില്‍ റെയില്‍വേസ് ഇറങ്ങിയത്. എന്നാല്‍, ഒരു ഘട്ടത്തില്‍പ്പോലും കേരളത്തിന് വെല്ലുവിളിയാവാന്‍ താരനിബിഡമായ റെയില്‍വേ ടീമിന് കഴിഞ്ഞില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ എസ്. രേഖയുടെ നേതൃത്വത്തില്‍ ഇറങ്ങിയ കേരളം പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവുകാട്ടി. കേരളത്തിന്റെ എസ്.രേഖയാണ് മികച്ച അറ്റാക്കര്‍. എസ്. സൂര്യ മികച്ച ബ്ലോക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു.

പതിവുതെറ്റിച്ച് കേരളം

ഇന്ത്യന്‍ വോളിയില്‍ സമീപകാലത്തായി കേരളത്തിനുള്ള മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കുന്നതാണ് അമൃത്സറിലെ പ്രകടനം. ദേശീയ വോളിയില്‍ നിലവിലെ വനിതാവിഭാഗം ജേതാക്കളാണ് കേരളം. ഫൈനലുകളില്‍ സ്ഥിരമായി റെയില്‍വേസിനോട് തോല്‍ക്കുന്ന പതിവ് മാറ്റിമറിക്കപ്പെട്ടിരിക്കയാണ്. ഇത്തവണ ദേശീയ യൂത്ത് വോളിയില്‍ കേരളം പുരുഷവിഭാഗത്തില്‍ ചാമ്പ്യന്‍മാരാവുകയും വനിതാവിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു.

ടീം:എന്‍. ജിതിന്‍ (ക്യാപ്റ്റന്‍), മുത്തുസ്വാമി, അഖിന്‍ ജാസ്, സാരംഗ് ശാന്തിലാല്‍, സച്ചിന്‍, അജിത് ലാല്‍, ടി.ആര്‍. സേതു, ഷോണ്‍ ടി. ജോണ്‍, എറിന്‍ വര്‍ഗീസ്, ജെറോം വിനീത്, അബ്ദുള്‍ റഹീം, സി.കെ. രതീഷ്. കോച്ച്: അബ്ദുള്‍ റസാഖ്. അസി. കോച്ച്: ബിജോയ് ബാബു, കെ.എച്ച്. ജബ്ബാര്‍.

വനിതാ ടീം: എസ്.രേഖ (ക്യാപ്റ്റന്‍) കെ.എസ്.ജിനി, ഇ. അശ്വതി, എസ്. സൂര്യ, അഞ്ജു ബാലകൃഷ്ണന്‍, മായാ തോമസ്, എം. ശ്രുതി, ഫാത്തിമാ റുക്സാന, എന്‍.എസ്. ശരണ്യ, കെ.പി. അനുശ്രീ, ജിന്‍സി ജോണ്‍സണ്‍, അശ്വതി രവീന്ദ്രന്‍. കോച്ച്: സി.എസ്. സദാനന്ദന്‍. അസി. കോച്ച്: എം. സുജാത, രാധികാ കപില്‍ദേവ്.

Content Highlights: Federation Cup Volleyball Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram