വോളിബോൾ കോർട്ടിലെ ഇടിമുഴക്കം


പി.ജെ ജോസ്‌

4 min read
Read later
Print
Share

വെള്ളിടികൾപോലുള്ള സ്മാഷുകളിലൂടെ വോളിബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ താരം. കളിക്കളത്തിൽനിന്നു വിരമിച്ചിട്ടും വോളിബോളിനോടുള്ള ഇഷ്ടവുമായി ഏലമ്മ ഇപ്പോഴും സജീവമാണ്.

വോളിബോൾ എന്നുകേട്ടാൽ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നാണ് കെ.സി.ഏലമ്മയുടേത്. മലയാളി വനിതാ വോളിബോൾ താരങ്ങളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ. ആദ്യമായി അർജുന അവാർഡ് നേടിയ മലയാളി വനിത. വെള്ളിടികൾപോലുള്ള സ്മാഷുകളിലൂടെ വോളിബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ താരം. കളിക്കളത്തിൽനിന്നു വിരമിച്ചിട്ടും വോളിബോളിനോടുള്ള ഇഷ്ടവുമായി ഏലമ്മ ഇപ്പോഴും സജീവമാണ്.

പിറവം മുളക്കുളത്തിനടുത്തുള്ള നാമക്കുഴി സ്കൂളിലെ പെൺകുട്ടികൾ വോളിബോൾ കളിക്കുന്നത് അതേ സ്കൂളിലെ ഒരു എട്ടാം ക്ലാസുകാരി കൗതുകത്തോടെ നോക്കിനിന്ന കാലമുണ്ട്. ചേച്ചിമാരുടെ കളി കാണുന്നതിനൊപ്പം പുറത്തുപോകുന്ന പന്തുകൾ എടുത്തുകൊടുക്കുന്ന ജോലിയും ആ ഉയരക്കാരി പെൺകുട്ടി ഇഷ്ടത്തോടെ ചെയ്തു. അന്നത്തെ ഔട്ടു പെറുക്കിയിൽനിന്ന് ഇന്ത്യൻ വോളിബോളിലെ മുന്നണിപ്പോരാളിയായി മാറിയ ചരിത്രമാണ് കെ.സി.ഏലമ്മയുടേത്.

ജോർജ് വർഗീസ്‌ മാഷിന്റെ ശിഷ്യ

പാലാക്കാരൻ ജോർജ് വർഗീസ് മാഷായിരുന്നു നാമക്കുഴി സ്കൂളിലെ കുട്ടികളുടെ വോളിബോൾ പരിശീലകൻ. നാമക്കുഴി സ്കൂളിൽനിന്നു നിരവധി വോളിബോൾതാരങ്ങളെ സംഭാവനചെയ്ത പരിശീലകൻ. ചേച്ചിമാരുടെ കളി കണ്ടുനിന്നിരുന്ന ഏലമ്മയെ ഒരു ദിവസം ജോർജ് മാഷ് അടുത്തേക്കു വിളിച്ചു പറഞ്ഞു. നീയൊന്ന് പന്ത് സെർവ്‌ ചെയ്‌തേ? യാതൊരു പരിഭ്രമവും കൂടാതെ ആ അഞ്ചടി ഏഴിഞ്ചുകാരി പന്ത് സെർവു ചെയ്തു. പിന്നാലെയെത്തി സാറിന്റെ ആജ്ഞ. നാളെ മുതൽ പരിശീലനത്തിന് കോർട്ടിൽ കാണണം.

ജോർജ് മാഷിന്റെ ശിക്ഷണത്തിൽ പുതിയ പാഠങ്ങൾ അഭ്യസിച്ച ഏലമ്മ സ്കൂൾ ടീമിലും വൈകാതെ സംസ്ഥാന ടീമിലുമെത്തി. പിന്നാലെ ജൂനിയർ ഇന്ത്യൻ ടീമിലുമെത്തി.

നാമക്കുഴി സിസ്റ്റേഴ്‌സ്

ഏലമ്മ, ഏലിയാമ്മ, സാറാമ്മ, അന്നക്കുട്ടി, അമ്മിണി, പി.കെ.ലീല, വി.കെ.ലീലാമ്മ എന്നിവരടങ്ങുന്ന നാമക്കുഴിയിലെ പെൺകുട്ടികൾ അന്ന് കേരളത്തിനകത്തും പുറത്തും വോളിബോളിൽ വിസ്മയങ്ങൾ തീർത്തു. ഇവർ രക്തബന്ധമുള്ളവരായിരുന്നില്ല. പക്ഷേ, അതിലും ദൃഢമായിരുന്നു അവരുടെ സ്നേഹബന്ധവും കളിക്കളത്തിനകത്തും പുറത്തുമുള്ള ഒത്തിണക്കവും. അന്നത്തെ പത്രപ്രവർത്തകരാണ് ‘നാമക്കുഴി സിസ്റ്റേഴ്‌സ്‌’ എന്ന പേരു നൽകിയതെന്ന് ഏലമ്മ പറയുന്നു. ആ പേര് പൊന്നുപോലായി. നാമക്കുഴിയിലെ പെൺകുട്ടികൾ ‘നാമക്കുഴി സിസ്റ്റേഴ്‌സ്’ എന്നപേരിൽ പ്രശസ്തരായി. കേരളത്തിലെ വനിതാ വോളിബോൾ ഇവരുടെ പ്രകടനംകൊണ്ടു പ്രശസ്തിയിലേക്കുയർന്നു. ഇവരിൽ മുൻനിരക്കാരിയായി ഏലമ്മയും സംസ്ഥാന സീനിയർ ടീമിലുമെത്തി.

ഏലമ്മയുൾപ്പെട്ട കേരള ടീം ദേശീയതലത്തിൽ പ്രബലരായ എതിരാളികൾക്കു വെല്ലുവിളി ഉയർത്തി. 1971-ൽ ജംഷഡ്പൂരില്‍ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഏലമ്മയുടെ നേതൃത്വത്തിൽ കേരളവനിതകൾ ഒരു വിപ്ലവംതന്നെ നടത്തി. ചരിത്രത്തിലാദ്യമായി കേരള വനിതകൾ ദേശീയ കിരീടം സ്വന്തമാക്കി. 1972-ൽ തിരുവനന്തപുരത്ത്‌ ദേശീയ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ ഏലമ്മയും സംഘവും കിരീടം നിലനിർത്തി.

സ്മാഷുകളുടെ റാണി

കുതിച്ചുചാടി ഇടംകൈകൊണ്ടും വലംകൈകൊണ്ടും ഒരുപോലെ ഉതിർക്കുന്ന സ്മാഷുകളായിരുന്നു ഏലമ്മയുടെ പ്രത്യേകത. ഏലമ്മയുടെ സ്മാഷ് പതിക്കുന്ന സ്ഥലത്ത് ഒരു വാഴവെക്കാനുള്ള കുഴി ഉണ്ടാകുമെന്ന് വോളിബോൾ പ്രേമികൾ പറയുമായിരുന്നു. അതായിരുന്നു ആ സ്മാഷുകളുടെ കരുത്ത്. കേരളത്തിന്റെ ഇതിഹാസതാരം ഫാക്ട് പപ്പന്റെയും അന്നത്തെ പ്രശസ്ത ഇന്ത്യൻ താരം ബൽവന്ത് സിങ്ങിന്റെയും പ്രകടനത്തോടാണ് ഏലമ്മയുടെ കളിയെ ആളുകൾ താരതമ്യപ്പെടുത്തിയിരുന്നത്. അതിനാൽ ‘ലേഡി പപ്പൻ’, ‘ലേഡി ബല്ലു’ തുടങ്ങിയ ഓമനപ്പേരുകളും വോളിബോൾ പ്രേമികൾ ഏലമ്മയ്ക്കു ചാർത്തിക്കൊടുത്തു.

കേരള പോലീസിലേക്ക്

1972-ൽ അന്നത്തെ ഐ.ജി.ശിങ്കാരവേലുവിന്റെ പ്രത്യേക താത്‌പര്യപ്രകാരം നാമക്കുഴി ടീമിനെ കേരള പോലീസിലെടുത്തു. തിരുവനന്തപുരത്തായിരുന്നു ജോലിയും പരിശീലനവും. ഏലമ്മയുൾപ്പെട്ട പോലീസ് ടീം കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി. ഏലമ്മയായിരുന്നു ടീം ക്യാപ്‌റ്റൻ. പോലീസിനു ദേശീയ കിരീടമടക്കമുള്ള നേട്ടങ്ങൾ സമ്മാനിക്കാൻ ഏലമ്മയ്ക്കും സംഘത്തിനുമായി. കേരളത്തിൽ നടക്കുന്ന മിക്ക ടൂർണമെന്റുകളിലും അവർ വിജയക്കൊടി പാറിച്ചു. പോലീസ് ടീം പിരിച്ചുവിടുന്നതുവരെ ആറേഴു വർഷം ഏലമ്മയും സംഘവും ടീമിന്റെ പ്രശസ്തി ദേശീയതലത്തിൽ വരെയുയർത്തി.

അർജുന അവാർഡ് നേടുന്ന ആദ്യ മലയാളി വനിത

ഒരിക്കലും മായ്ക്കാനാവാത്ത ഒരു റെക്കോഡും വോളിബോൾ ഏലമ്മയ്ക്കു സമ്മാനിച്ചു. അർജുന അവാർഡ് നേടുന്ന ആദ്യ മലയാളി വനിതയെന്ന തിളക്കമാർന്ന ബഹുമതിയാണ് 1975-ൽ ഏലമ്മയ്ക്കു സ്വന്തമായത്. അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡിയിൽനിന്നുമാണ് അവാർഡ് സ്വീകരിച്ചത്.

ജൂനിയർ സ്കൂൾതലം മുതൽ ഇന്ത്യക്കു കളിച്ചു തുടങ്ങിയ ഏലമ്മ സീനിയർ തലത്തിലും ഇന്ത്യക്കു വേണ്ടി മികവുകാട്ടി. ശ്രീലങ്കൻ വോളിബോൾ ടീം ഇന്ത്യ സന്ദർശിച്ചപ്പോൾ ഏലമ്മയായിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ഫ്രാൻസ് ടീം ഇന്ത്യയിൽ ടെസ്റ്റുകളിച്ചപ്പോഴും ഏലമ്മയുൾപ്പെട്ട ഇന്ത്യൻ ടീം മികച്ചപ്രകടനം നടത്തി.

അക്കാലത്ത് ഇന്ത്യൻ താരങ്ങൾക്കു പരിശീലനം നൽകാനെത്തിയ റഷ്യൻ കോച്ച് ഇന്ത്യയിൽ താൻ കണ്ട ഏറ്റവും മികച്ച താരങ്ങളായി പറഞ്ഞത് ഏലമ്മയുടെയും സാക്ഷാൽ ജിമ്മി ജോർജിന്റെയും പേരുകളാണ്. താൻ കണ്ട ഏറ്റവും മികച്ചതാരം ഫാക്ട് പപ്പൻ ചേട്ടനാണെന്നാണ് ഏലമ്മയുടെ അഭിപ്രായം. കോർട്ടിൽ എവിടെ പന്തുപൊങ്ങിയാലും പപ്പൻ ചേട്ടൻ ഉയർന്നു ചാടി സ്മാഷു ചെയ്തിരിക്കും.

പോലീസ് ടീം പിരിച്ചുവിട്ടെങ്കിലും മറ്റു ടീമുകൾക്കൊപ്പം അതിഥി താരമായി ഏലമ്മ കളിക്കളത്തിൽ തുടർന്നു. അത് 1987 വരെ തുടർന്നു. കേരള പോലീസിൽനിന്നു വനിതാസെൽ എസ്.പി.യായാണ് ഏലമ്മ വിരമിച്ചത്.

എന്നും വോളിബോൾ മാത്രം

കളിക്കളത്തിനോടു വിടപറഞ്ഞെങ്കിലും പരിശീലകരംഗത്തും ഭരണരംഗത്തുമൊക്കെയായി ഏലമ്മ ഇന്നും വോളിബോളിൽ സജീവമാണ്. കോഴിക്കോട്ട് ഈ വർഷമാദ്യം നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ മാനേജരായിരുന്നു.

ഇക്കൊല്ലം ദേശീയ ചാമ്പ്യൻഷിപ്പിനു മുന്നോടിയായി കണ്ണൂർ, വയനാട്, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ദീപശിഖാപ്രയാണവുമായി പോയപ്പോൾ ആളുകൾ നൽകിയ സ്നേഹം ഇപ്പോഴും ഏലമ്മയുടെ മനസ്സിലുണ്ട്. വോളിബോളിനെ ജനങ്ങൾ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതു നൽകുന്ന ആഹ്ലാദം ചെറുതല്ല. കോഴിക്കോട് ദേശീയ ചാമ്പ്യൻഷിപ്പിനിടെയും ആളുകൾ സ്നേഹംകൊണ്ടു പൊതിഞ്ഞു.

വോളിബോൾ താരങ്ങളുടെ സംഘടനയായ വോളിഫാമിലൂടെ ഭാരവാഹി, കേരള വോളിബോൾ അസോസിയേഷൻ എക്‌സിക്യുട്ടീവ് അംഗം, തിരുവനന്തപുരം ജില്ലാ വോളിബോൾ അസോസിയേഷൻ ഭാരവാഹി, കേരള ടീം സെലക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കേരള പോലീസ് ടീമിന്റെ മാനേജരെന്ന ചുമതലയും ഏലമ്മ വഹിക്കുന്നുണ്ട്. ഡി.ജി.പി. ലോക്‌നാഥ്ബെഹ്‌റയും സ്പോർട്‌സ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഐ.ജി. മനോജ് എബ്രഹാമും എല്ലാ പിന്തുണയും പ്രവർത്തനങ്ങൾക്കു നൽകുന്നുണ്ട്. പോലീസിന് ഇപ്പോൾ നല്ല ടീമുണ്ട്.

തിരുവനന്തപുരത്തിന്റെ സ്വന്തം

പിറവം മുളക്കുളം വടക്കേക്കര കരിമ്പാനിക്കൽ പരേതരായ കെ.യു.ചാക്കോയുടെയും ഏലിയുടെയും മകളായ ഏലമ്മ കേരള പോലീസിൽ ജോലികിട്ടി തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ തിരുവനന്തപുരത്താണ് താമസം. ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ജന്മനാട്ടിലേക്കു മടങ്ങാൻ ആലോചിച്ചതാണ്. എന്നാൽ, വോളിബോളിനോടുള്ള ഇഷ്ടവും അധികൃതരുടെ നിർബന്ധവും പ്രിയപ്പെട്ട തിരുവനന്തപുരത്തു തന്നെ തുടരാൻ തീരുമാനിച്ചു. കല്ലിയൂർ കേളേശ്വരത്താണ് ഇപ്പോൾ താമസം.

വോളിബോളിനോടുള്ള ഇഷ്ടം ഏലമ്മയുടെ വീട്ടിലും കാണാം. അർജുന അവാർഡിന്റെ ഓർമയിൽ വീടിന് ‘അർജുനാലയം’ എന്നാണ് പേരിട്ടിരിക്കുന്നത്. മുൻവാതിലിൽ അമ്പെയ്യുന്ന അർജുനന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.

ഭർത്താവ് രഘുരാമൻ ഗൾഫിൽ ഉദ്യോഗസ്ഥനായിരുന്നു. മകൾ പഞ്ചമി സഹകരണബാങ്കിൽ ഉദ്യോഗസ്ഥയാണ്. ഇന്ത്യൻ വോളിബോൾ താരം വി.മനുവാണ് മരുമകൻ. കേരള പോലീസ് ടീം ക്യാപ്റ്റനുമാണ് മനു. ഇവാനയും ഹൃദാനുമാണ് കൊച്ചുമക്കൾ. കോർട്ടുകളിൽ വെള്ളിടിപായിച്ച അതേ ആവേശത്തോടെ ഇന്നും സജീവമാണ് ഏലമ്മയെന്ന വോളിബോൾ ഇതിഹാസം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram