എക്കാറ്റരിന്‍ബര്‍ഗ് (റഷ്യ): ഇടിക്കൂട്ടില്‍ ചരിത്ര നേട്ടം കുറിച്ച ഇന്ത്യന്‍ താരം അമിത് പംഗല്‍ ശനിയാഴ്ച ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങും. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം അമിത് പംഗല്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.
റഷ്യയിലെ എക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലാണ് അമിത് കിരീടപോരാട്ടത്തിന് അര്‍ഹത നേടിയത്. കടുത്ത പോരാട്ടം തന്നെ നടന്ന സെമി ഫൈനലില്‍ കസാഖ്സ്താന്റെ സാകെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് (3-2) ഈ ഹരിയാണക്കാരന്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്നതിനൊപ്പം ഒളിമ്പിക്‌സ് ബര്‍ത്തും അമിത് സ്വന്തമാക്കി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഉസ്ബെക്കിസ്താന്റെ ഷാഖോബിദിനാണ് അമിത്തിന്റെ എതിരാളി. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇതുവരെ വെങ്കല നേട്ടം മാത്രമാണ് ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. ഇത്തവണ അമിത് അത് മറികടന്നു. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം സ്വര്‍ണം നേടിയിട്ടുണ്ട്.
അതേസമയം, 63 കിലോഗ്രാം ലൈറ്റ് വെയ്റ്റില്‍ ഇന്ത്യയുടെ മനീഷ് കൗശിക് വെങ്കലം നേടി. സെമിയില്‍ മുന്‍ ലോക ചാമ്പ്യന്‍ ക്യൂബയുടെ ആന്‍ഡി ക്രൂസിനോട് മനീഷ് കീഴടങ്ങി. മനീഷും ഒളിമ്പിക്‌സിന് യോഗ്യത നേടി.
അമിത് പംഗലിനും മനീഷ് കൗശിക്കിനും മുമ്പ് നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ളൂ: വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017).
2017-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയതോടെയാണ് അമിത് ശ്രദ്ധ നേടുന്നത്. അതേവര്‍ഷം തന്നെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കാനും താരത്തിനായി. പിന്നാലെ 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ അമിത്, അതേവര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ ജേതാവുമായി. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും അമിത് സ്വര്‍ണ നേട്ടം സ്വന്തമാക്കിയിരുന്നു.
ഹരിയാണയിലെ റോത്തക് ജില്ലയിലെ മെയ്ന വില്ലേജില്‍ 1995 ഒക്ടോബര്‍ 16-നാണ് അമിത്തിന്റെ ജനനം. പിതാവ് ചൗധരി വിജേന്ദര്‍ സിങ് പംഗല്‍ കര്‍ഷകനാണ്. മൂത്ത സഹോദരന്‍ അജയ് പംഗലിന്റെ നേട്ടങ്ങളില്‍ ആകൃഷ്ടനായാണ് അമിതും ഇടിക്കൂട്ടിലെത്തുന്നത്. അജയിനെ തന്റെ കരിയറിലെ മികച്ച പരിശീലകനായാണ് അമിത് വിലയിരുത്തുന്നത്.
Content Highlights: aiba World Boxing Championships: Amit Panghal to creates history