വോളിബോളിന്റെ ഹൃദയത്തുടിപ്പ്


പി.ജെ ജോസ്‌

4 min read
Read later
Print
Share

ഇന്ത്യന്‍ വോളിബോള്‍ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകളിലൊരാളാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ അബ്ദുള്‍ റസാഖിന്റേത്. ജൂനിയര്‍ തലം മുതല്‍ ഇന്ത്യന്‍ ടീമില്‍ തിളങ്ങിയ താരം.

1970-കളുടെ ആദ്യ പകുതിയാണ് കാലം. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അന്ന് ധാരാളം ദേശീയ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ അരങ്ങേറും. ബല്‍വന്ത്സിങിനെപ്പോലുള്ള ദേശീയ താരങ്ങള്‍ കളിക്കുന്നത് അന്ന് ഒരു ഒമ്പതുവയസ്സുകാരന്‍ പയ്യന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അവര്‍ തൊടുക്കുന്ന സ്മാഷുകള്‍ എതിര്‍ പ്രതിരോധവും ഭേദിച്ച് പുറത്തേക്കു പോകുമ്പോള്‍ പന്ത് എടുത്തു കൊടുത്തും അവരുടെ കളി ആസ്വദിച്ചും നിന്ന അബ്ദുള്‍ റസാഖെന്ന പയ്യന്‍ കുറെ കാലം കഴിഞ്ഞപ്പോള്‍ തന്റെ അന്നത്തെ ആരാധ്യ പുരുഷന്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ കളിച്ചു.

കൗണ്ടര്‍ അറ്റാക്കര്‍ പൊസിഷനില്‍ തന്റേതായ സ്ഥാനമുണ്ടാക്കി. ടൈറ്റാനിയത്തിലും റെയില്‍വേസിലും കേരള പോലീസിലും മിന്നുന്ന താരമായി. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള പോലീസില്‍ കമാന്‍ഡന്റായി വിരമിച്ച അദ്ദേഹം ഇപ്പോഴും വോളിബോള്‍ പരിശീലനവും സംഘാടനവുമായി സജീവമാണ് റസാഖെന്ന വിളിപ്പേരിലറിയപ്പെടുന്ന അബ്ദുള്‍ റസാഖ്.

അന്നും ഇന്നും കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കളിയാണ് വോളിബോള്‍. ചേട്ടന്‍മാരായ മുഹമ്മദ് കാസിമും മുഹമ്മദാലിയുംവോളിബോള്‍ താരങ്ങള്‍. ആ വഴി തന്നെ റസാഖും സഞ്ചരിച്ചു. എട്ടാം ക്ലാസിലെത്തുമ്പോഴാണ് തിരുവനന്തപുരത്ത് 1975ല്‍ ജി.വി.രാജ സ്‌കൂള്‍ തുടങ്ങുന്നത്. ആദ്യ ബാച്ചിലേക്കുതന്നെ സെലക്ഷന്‍ ലഭിച്ചു. ജി.വി.രാജയില്‍വച്ച് ഇ.ജെ.ജെയിംസ് സാറാണ് ശാസ്ത്രീയമായ പരിശീലനം നല്‍കുന്നത്. ഇത് ഏറെ ഗുണം ചെയ്തു. സ്‌കൂളില്‍ വോളിബോളിനൊപ്പം ഷോട്ട്പുട്ടിലും ഡിസ്‌കസിലും ഒക്കെ മത്സരിക്കുമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഷോട്ട് പുട്ടില്‍ റെക്കോഡോടെ ഒന്നാം സ്ഥാനവും നേടി. എങ്കിലും വോളിബോളിനോടു തന്നെയായിരുന്നു ആദ്യ ഇഷ്ടം.

തിരുവനന്തപുരത്തു നടന്ന ദേശീയ സ്‌കുള്‍ ഗെയിംസില്‍ കേരളത്തിനായി കളിച്ചു. അന്ന് കേരള ടീം രണ്ടാം സ്ഥാനം നേടി. പ്രീഡിഗ്രി പഠനം പാലാ സെന്റ് തോമസ് കോളേജിലായിരുന്നു. അവിടെ സ്പോര്‍ട്സ് ഹോസ്റ്റലുള്ളതായിരുന്നു കാരണം. കോളേജിനായും കേരള സര്‍വകലാശാലയ്ക്കായും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച അബ്ദുള്‍ റസാഖ് ശ്രദ്ധിക്കപ്പെട്ടു. കേരള സര്‍വകലാശാല തുടരെ രണ്ടു തവണ അഖിലേന്ത്യാ സര്‍വകലാചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി.

ജബല്‍പ്പുരിലും പിലാനിയിലും നടന്ന ചാമ്പ്യന്‍ഷിപ്പുകളിലാണ് കേരള സര്‍വകലാശാല ടീം ചാമ്പ്യന്‍മാരായത്. കലവൂര്‍ ഗോപിനാഥ് സാറായിരുന്നു കോച്ച്. അഖിലേന്ത്യാ യൂണിവേഴ്സിറ്റി ടീമില്‍ സ്ഥാനം നേടാന്‍ ഈ പ്രകടനത്തിലൂടെ അബ്ദുള്‍ റസാഖിനു കഴിഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ ജൂണിയര്‍ ടീമിലും അംഗമായി. കേരളത്തിനായുള്ള പ്രകടനം ഇന്ത്യന്‍ ജൂനിയര്‍ ടീമിലും ഇടം നേടിക്കൊടുത്തു.

1980ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം മൂന്നാം സ്ഥാനമെന്ന അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കി. അവിടെ മികച്ച അറ്റാക്കര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിയതോടെ 1981ല്‍ അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്സില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. കേരളത്തിലെ വോളിബോള്‍ പ്രേമികള്‍ക്കിടയില്‍ അബ്ദുള്‍ റസാഖെന്ന കൗണ്ടര്‍ അറ്റാക്കറുടെ പേര് ഇതോടെ ശ്രദ്ധേയമായി

ടൈറ്റാനിയത്തിലൂടെ റെയില്‍വേ വഴി പോലീസിലേക്ക്

1980ല്‍ ടൈറ്റാനിയം വോളിബോള്‍ ടീം തുടങ്ങിയപ്പോള്‍ അബ്ദുള്‍ റസാഖ് അവിടെ ചേര്‍ന്നു. ചേട്ടന്‍ മുഹമ്മദാലിയായിരുന്നു പരിശീലകന്‍. രണ്ടു വര്‍ഷം ടൈറ്റാനിയത്തിനുവേണ്ടി കളിച്ചു. നിരവധി നേട്ടങ്ങളും സ്വന്തമാക്കി. ഇതിനിടയില്‍ 1981ല്‍ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളിവന്നിരുന്നു.

1982-ല്‍ റെയില്‍വേയിലേക്ക് മാറി. അടുത്ത മൂന്നു വര്‍ഷം റെയില്‍വേ ടീമിനൊപ്പം റസാഖും സംഘവും വെന്നിക്കൊടി പാറിച്ചു. റെയില്‍വേക്കൊപ്പം നിരവധി കിരീടങ്ങളും നേടി.

1985-ലാണ് കേരള പോലീസില്‍ ചേരുന്നത്. അവിടെയും വിജയ പരമ്പര തുടര്‍ന്നു. സിറിള്‍ സി വള്ളൂരും അന്തരിച്ച ഉദയകുമാറുമൊക്കെ അടങ്ങുന്ന കേരള പോലീസ് ടീം ഫെഡറേഷന്‍ കപ്പടക്കമുള്ള ദേശീയ കിരീടങ്ങളും തുടര്‍ച്ചയായി ഡിപ്പാര്‍ട്ടുമെന്റല്‍ കിരീടങ്ങളും നേടി.

ഇന്ത്യന്‍ കുപ്പായത്തില്‍ തിളങ്ങിയ കാലങ്ങള്‍

1981 മുതല്‍ ആറുവര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ കളിച്ചു. ലണ്ടനില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് സീനിയര്‍ തലത്തില്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. അവിടെ ഇന്ത്യന്‍ ടീം മൂന്നാം സ്ഥാനം നേടി.

1982 ഏഷ്യന്‍ ഗെയിംസില്‍ റസാഖടക്കം ആറു മലയാളികളാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ജോണ്‍സണ്‍ ജേക്കബ്, സിറിള്‍ സി വള്ളൂര്‍, ഉദയകുമാര്‍ എന്‍.ജി.ചാക്കോ, ഗോപീകൃഷ്ണ എന്നിവരായിരുന്നു മറ്റു മലയാളികള്‍. അഭിമാനാര്‍ഹമായ നാലാം സ്ഥാനം ടീം നേടി.

1983ല്‍ ടോക്യോയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ, റഷ്യയും ഓസ്ട്രേലിയയും ചൈനയുമായും സൗദിയുമായി നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയിലൊക്കെ ഇന്ത്യന്‍ കുപ്പായമണിഞ്ഞു.
ഇതിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലും തിളങ്ങി. 1981ല്‍ യു.എ.ഇയിലെ അജ്മാന്‍ ക്ലബ്ബിനുവേണ്ടിയും 1984ല്‍ ഖത്തറിലെ റയാന്‍ സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടിയും കളിച്ച് ആരാധകരുടെ ഇഷ്ടം നേടി.

റെയില്‍വേയിലായിരിക്കുമ്പോള്‍ 1985ല്‍ റഷ്യയില്‍ നടന്ന ലോക റെയില്‍വേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചു. 1986 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച അബ്ദുല്‍ റസാഖ്് 1991വരെ പോലീസിനുവേണ്ടി കളിച്ചു. പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തോടു വിടപറഞ്ഞ അദ്ദേഹം തുടര്‍ന്ന് കേരള പോലീസ് ടീമുകളുടെ മാനേജരായും ചുമതലക്കാരനും സംഘാടകനുമായി തുടര്‍ന്നു.

വോളിബോള്‍ രംഗത്തെ മികവിന് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ 1981ലെ ജി.വി.രാജ അവാര്‍ഡ് ലഭിച്ചു. ഇക്കൊല്ലം അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതിയും ലഭിച്ചു.

സ്പോര്‍ട്സ് കൗണ്‍സിലില്‍

2011ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പുതിയ ഒരൂ അധ്യായമായി. അന്താരാഷ്ട്ര അത്ലറ്റ് പദ്മിനി തോമസായിരുന്നു പ്രസിഡന്റ്. കായിക താരങ്ങളായിരുന്നതിന്റെ അനുഭവ സമ്പത്ത് സ്പോര്‍ട്സ് കൗണ്‍സിലിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെഗുണം ചെയ്തു. അന്നത്തെ കായിക മന്ത്രി ഗണേഷ്‌കുമാര്‍ എല്ലാ പ്രോത്സാഹനവുമായി മുന്നില്‍ നിന്നു നയിച്ചു.
കായിക താരങ്ങളുടെ മുടങ്ങിക്കിടന്ന കാഷ് അവാര്‍ഡ് കൊടുക്കാന്‍ സാധിച്ചു.അഞ്ചുകോടി 30 ലക്ഷം രൂപയാണ് ഇങ്ങനെ കൊടുത്തത്.

ഏറെ കായിക താരങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്തു. സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ നവീകരിക്കാനും മെച്ചപ്പെട്ട ഉപകരണങ്ങള്‍ കായിക താരങ്ങള്‍ക്ക് നല്‍കാനും അവരുടെ ഭൗതിക പരിശീല സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതുമൊക്കെ അഭിമാനത്തോടെയാണ് അബ്ദുല്‍ റസാഖ് ഓര്‍ക്കുന്നത്. കായിക താരങ്ങള്‍ക്കേ കായിക താരങ്ങളെ പൂര്‍ണമായും മനസ്സിലാക്കുവാന്‍ കഴിയൂ എന്ന് അദ്ദേഹം പറയുന്നു

വോളിബോള്‍...വോളിബോള്‍ മാത്രം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തിരുവനന്തപുരം എസ്.എ.പി കമാന്‍ഡന്റായാണ് ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചത്. വോളിബോള്‍ ഭരണ രംഗത്തും പരിശീലകനുമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ് അദ്ദേഹം. ജന്‍മനാടായ കാഞ്ഞിരപ്പള്ളിയില്‍ വോളി ഫ്രണ്ട്സ് എന്ന പേരില്‍ ക്ലബ്ബ് തുടങ്ങി അവിടെ പരിശീലനം നല്‍കുന്നുണ്ട്. ക്ലബ്ബിന്റെ പ്രസിഡന്റാണ് അദ്ദേഹം. എല്ലാ വര്‍ഷവും സമ്മര്‍ ക്യാമ്പും നടത്തുന്നുണ്ട്. ഇപ്പോള്‍ എല്ലാ ശനിയാഴചയും ഞായറാഴ്ചയും കാഞ്ഞിരപ്പള്ളിയില്‍ പരിശീലനമുണ്ട്.

തിരുവനന്തപുരത്ത് വോളിതാരങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച 'വോളി ഫാമിലി'എന്ന സംഘടനയിലും സജീവമായി പ്രവര്‍ത്തിക്കുന്നു. അന്തരിച്ച ഉദയകുമാറിന്റെ പേരിലുള്ള അവാര്‍്ഡ് കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ മികച്ച വോളിബോള്‍ താരത്തിന് നല്‍കുന്നുണ്ട്.

വോളിബോള്‍ ഭരണ രംഗത്തും പ്രവര്‍ത്തിക്കുന്നു. കോഴിക്കോടു ന്ടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാനായിരുന്നു.കേരള വോളിബോള്‍ അസോസിയേഷനില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. അഡൈ്വസറി കമ്മറ്റി കണ്‍വീനറും സെലക്ഷന്‍ കമ്മറ്റി മെംബറുമാണ്.

കേരളത്തില്‍ വോളിബോളിന്റെ ജനപ്രീതി തിരിച്ചുവരുന്നതില്‍ ഏറെ സന്തോഷവാനാണ് റസാഖ്. പഴയ തലമുറയിലെ താരങ്ങള്‍ വോളിബോളിനെ ഒരു പാഷനായി സ്വീകരിച്ചവരാണ് .
ഇപ്പോഴത്തെ താരങ്ങള്‍ക്ക് ഒരുവിധം എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കഠിനാദ്ധ്വാനത്തിലൂടെ അവര്‍ക്ക് ഏറെ മുന്നേറാനാകും.

കുട്ടക്കാലത്ത് കളികണ്ട് ആരാധനാപാത്രങ്ങളായി മാറിയ ബല്‍വന്ത് സിങിന്റെയും രമണ റാവുവിന്റെയും ജിമ്മി ജോര്‍ജിന്റെയുമൊക്കെ കൂടെ ഇന്ത്യന്‍ ടീമിലും ക്ലബ്ബ് ടീമുകളില്‍ അവര്‍ക്കെതിരെയും കളിക്കാനായതാണ് കരിയറിലെ തിളങ്ങുന്ന നേട്ടമായി അബ്ദുള്‍ റസാഖ് കരുതുന്നത്.

കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി കുടംബാഗംമായ അബ്്ദുള്‍ റസാഖ് ഇപ്പോള്‍ തിരുവനന്തപുരം ദേവസ്വംബോര്‍ഡ് ജംഗ്ഷനടു്ത്താണ് താമസം. ഭാര്യ സ്റ്റെല്ല മുന്‍വോളിബോള്‍ താരമാണ്. ദക്ഷിണ റെയില്‍വേയില്‍ തിരുവനന്തപുരത്ത് അക്കൗണ്ട്സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍: നീനു, നിഖിത.

Content Highlights: Abdul Razak Indian Volleyball Player

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram