ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിങ്ങില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവെച്ചിട്ടത്. യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം സ്വര്‍ണ നേട്ടമാണിത്.
244.2 പോയിന്റുകളോടെയാണ് സൗരഭ് സ്വര്‍ണം നേടിയത്. 236.7 പോയിന്റുകള്‍ നേടിയ ദക്ഷിണ കൊറിയയുടെ സുങ് യുന്‍ഹോയ്ക്കാണ് വെള്ളി. 215.6 പോയിന്റുകളോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൊളാരി ജോസണാണ് വെങ്കലം.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കിയ താരമാണ് സൗരഭ്. കൊറിയയുടെ ജിന്‍ ജിന്‍ഗോഹ് അടക്കമുള്ള ലോകതാരങ്ങളെ മറികടന്നായിരുന്നു സൗരഭിന്റെ അന്നത്തെ നേട്ടം. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സൗരഭിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലും സൗരഭ് സ്വര്‍ണം നേടിയിരുന്നു.
കെ.എസ്.എസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് ജീത്തു റായിയെ അട്ടിമറിച്ച് ഷൂട്ടിങ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ച താരമാണ് സൗരഭ്. സീനിയര്‍ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ദേശീയ തലത്തിലും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്. മീററ്റിനടുത്തുള്ള കലിനയാണ് സൗരഭിന്റെ സ്വദേശം.
യൂത്ത് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ ജേതാവെന്ന നേട്ടം കഴിഞ്ഞ ദിവസം മനു ഭാകര്‍ നേടിയതിനു പിന്നാലെയാണ് സൗരഭിന്റെ നേട്ടം. നേരത്തെ ജെറെമി ലാല്‍റിന്നുംഗ യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. 62 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു ലാല്‍റിന്നുംഗയുടെ സ്വര്‍ണ നേട്ടം.
പുരുഷ വിഭാഗം ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ തുഷാര്‍ മാനെ, വനിതാ വിഭാഗം ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹൂലി ഘോഷ്, ജൂഡോ വനിതാ വിഭാഗം 44 കിലോഗ്രാമില്‍ ടബാബി ദേവി എന്നിവര്‍ വെള്ളി മെഡലും നേടിയിരുന്നു.
Content Highlights: youth olympics saurabh chaudhary clinches gold in 10m air pistol