ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ദിവ്യ കക്രാന്‍. ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലാണ് ദിവ്യ തന്റെ രോഷം മുഴുവന്‍ പ്രകടിപ്പിച്ചത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തനിക്ക് സ്വര്‍ണം ലഭിക്കുമായിരുന്നെന്നും തന്റെ ഫോണ്‍കോളുകള്‍ക്കൊന്നും കെജ്‌രിവാള്‍ മറുപടി നല്‍കിയില്ലെന്നും ദിവ്യ ചൂണ്ടിക്കാട്ടി.
ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ വര്‍ഷമാദ്യം ഞാന്‍ മെഡല്‍ നേടിയിരുന്നു. അതിന് ശേഷം ഇനി മുന്നോട്ടുള്ള യാത്രയില്‍ എല്ലാ സഹായങ്ങളും നല്‍കാമെന്ന് താങ്കള്‍ പറഞ്ഞിരുന്നു. പക്ഷേ എന്റെ ഫോണ്‍ കോള്‍ ഒന്നും പോലും നിങ്ങള്‍ എടുത്തില്ല. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ആദരിക്കുന്നു. അത്‌ലറ്റുകള്‍ ആകാന്‍ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നു. പിന്തുണ നല്‍കേണ്ട സമയത്ത് അതുനല്‍കാതെ ഇത്തരത്തില്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ മാത്രമാണ് എല്ലാവര്‍ക്കും ഉത്സാഹം. ദിവ്യ വ്യക്തമാക്കി.
മെഡല്‍ നേടിയ മറ്റുതാരങ്ങളുടെ മുന്നില്‍വെച്ചായിരുന്നു ദിവ്യ ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. എന്നാല്‍ വിഷയം വഴിതിരിച്ചുവിട്ട് കെജ്‌രിവാള്‍ ഇതിന് മറുപടി നല്‍കി. ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ കാരണം തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ദിവ്യ പറഞ്ഞതെല്ലാം ശരിയാണെന്നും നിരവധി താരങ്ങള്‍ ഇത്തരത്തില്‍ പരാതിയുമായി വരുന്നുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
എന്തൊക്കെ പദ്ധതികളുമായി ഡല്‍ഹി സര്‍ക്കാര്‍ വരുന്നുവോ അതെല്ലാം ഉയര്‍ത്ത തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവസാനിക്കുകയാണ്. ഇപ്പോള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ചടങ്ങ് പോലും നടക്കുന്നത് സുപ്രീം കോടതിയുടെ വിധിയുള്ളത് കൊണ്ടാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
Content Highlights: Wrestler Divya Kakran takes Delhi CM Kejriwal head on for lack of support