ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ വനിതാ ഫ്രീസ്‌റ്റൈല്‍ ഗുസ്തിതാരം ബബിത ഫോഗട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജന കാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തില്‍ അച്ഛനും മുന്‍ ഗുസ്തിതാരവും പരിശീലകനുമായ മഹാവീര്‍ ഫൊഗട്ടിനൊപ്പമാണ് ബബിത പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് അവര്‍ അംഗത്വമെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫോഗട്ടുമാരുടെ വരവ് ഊര്‍ജം പകരുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മുന്‍ ഹിസാര്‍ എം.പി. ദുഷ്യന്ത് ചൗതാല ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപവത്കരിച്ച ജന്‍നായക് ജനതാ പാര്‍ട്ടിയുടെ സ്‌പോര്‍ട്‌സ് സെല്ലിന്റെ മേധാവി കൂടിയായിരുന്നു മഹാവീര്‍ ഫോഗട്ട്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ ആകൃഷ്ടരായാണ് തങ്ങള്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് മഹാവീര്‍ ഫോഗട്ട് പറഞ്ഞു. പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് തന്നെ കശ്മീരിലെ പെണ്‍കുട്ടികളുടെ വിഷയത്തില്‍ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറെ പിന്തുണച്ച് ബബിത വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
മഹാവീര്‍ ഫോഗട്ടിന്റെയും രണ്ട് മക്കളായ ബബിത ഫോഗട്ടിന്റെയും ഗീത ഫോട്ടിന്റെയും കഥയാണ് ആമിര്‍ ഖാന്‍ ദംഗല്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും രണ്ടും കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും രണ്ട് സ്വര്‍ണം നേടിയിട്ടുണ്ട് ഇരുപത്തിയൊന്‍പതുകാരിയായ ബബിത.
Content Highlights: Wrestler Babita Phogat, father Mahavir join BJP Kiren Rijiju Haryana Commonwealth Games