മാക്‌സ്‌വെല്‍ ചെയ്തത് അഭിനന്ദനാര്‍ഹമായ കാര്യം; സമാന സാഹചര്യം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് കോലി


മാക്‌സ്‌വെല്‍ ചെയ്തത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു

ഇന്ദോര്‍: മാനസികാരോഗ്യം കണക്കിലെടുത്ത് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തീരുമാനത്തെ പുകഴ്ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

മാക്‌സ്‌വെല്‍ ചെയ്തത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. കരിയറിന്റെ ഒരു ഘട്ടത്തില്‍ താനും ഇത്തരം ബുദ്ധിമുട്ടേറിയ മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ദോറില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.

''മാക്‌സ്‌വെല്‍ ചെയ്തത് സവിശേഷമായ ഒരു കാര്യമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയാണിത്. സമ്മര്‍ദം അകറ്റാന്‍ പരമാവധി ശ്രമിക്കുക. മനുഷ്യരെന്ന നിലയ്ക്ക് അതിന് സാധിക്കാതെ വന്നാല്‍ കളിയില്‍ നിന്നും കുറച്ച് സമയത്തേക്ക് മാറിനില്‍ക്കണമെന്ന ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ തീര്‍ച്ചയായും എത്തിച്ചേരും''

''നിങ്ങള്‍ക്ക് ഒരു ജോലിയുണ്ട് എങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നു മാത്രമേ മറ്റുള്ളവര്‍ ചിന്തിക്കൂ. അയാളുടെ മനസിലൂടെ എന്താണ് കടന്നുപോകുന്നതെന്നതിനെ കുറിച്ച് ആരും ആലോചിക്കാറില്ല. മാക്‌സ്‌വെല്ലിനെ പോലെ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ച അവസ്ഥ കരിയറില്‍ എനിക്കും ഉണ്ടായിട്ടുണ്ട്. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു അത്. ലോകം അവസാനിച്ചതു പോലെയായിരുന്നു അന്നെനിക്ക് തോന്നിയത്. ആരോടും സംസാരിക്കാന്‍പോലുമാകാതെ എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയിരുന്നു അന്ന്. ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആരോടെങ്കിലും തുറന്നുപറയാന്‍ ഭയമായിരുന്നു. ഇടവേള ആവശ്യപ്പെടാനും സാധിച്ചില്ല. കാരണം ഇക്കാര്യം മറ്റുള്ളവര്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ''.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനു പിന്നാലെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാക്‌സ്‌വെല്‍ തീരുമാനിച്ചത്. രണ്ടാം മത്സരത്തില്‍ ടീമിലുണ്ടായിരുന്നുവെങ്കിലും മാക്‌സ്‌വെല്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. അഡ്ലെയ്ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ 28 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 62 റണ്‍സെടുത്ത പ്രകടനത്തിനു പിന്നാലെയായിരുന്നു താരത്തിന്റെ ഈ തീരുമാനം.

Content Highlights: What Glenn Maxwell has done is remarkable Virat Kohli

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram