ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയേയും ഭാരോദ്വഹനത്തില്‍ ലോകചാമ്പ്യനായ മീരാഭായ് ചാനുവിനെയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. പുരസ്‌കാര പട്ടികയില്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും ഇടംപിടിച്ചിരുന്നെങ്കിലും അവസാന നിമിഷത്തില്‍ മീരാഭായ് ചാനുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ ലോകചാമ്പ്യനാണ് ഇരുപത്തിനാലുകാരിയായ മീരാഭായ്.
വിരാട് കോലിക്ക് പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും എം.എസ് ധോനിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോലി. സച്ചിന് 1997-ലും ധോനിക്ക് 2007-ലുമാണ് പുരസ്‌കാരം ലഭിച്ചത്.
ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരനാണ് കോലി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കോലിയെ ബി.സി.സി.ഐ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2016ല്‍ റിയോ ഒളിമ്പിക്‌സിലെ മികച്ച പ്രടകനത്തിന് സാക്ഷി മാലിക്ക്, പി.വി സിന്ധു, ദീപ കര്‍മാകര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനേയും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയേയും പുരസ്‌കാരത്തിന് പരിഗണിക്കുകയായിരുന്നു. ഇതോടെ രണ്ടു തവണയും കോലി തഴയപ്പെട്ടു.
20 പേരെ അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ ജിന്‍സണ്‍ ജോണ്‍സണ്‍, നീരജ് ചോപ്ര, ഹിമ ദാസ് എന്നിവര്‍ക്ക് അര്‍ജുന ലഭിക്കും. ശുഭാങ്കര്‍ ശര്‍മ്മ (ഗോള്‍ഫ്), സിക്കി റെഡ്ഡി (ബാഡ്മിന്റണ്‍), രോഹന്‍ ബൊപ്പണ്ണ (ടെന്നീസ്), സ്മൃതി മന്ദാന (ക്രിക്കറ്റ്) മണിക ബത്ര, ജി. സത്യന്‍ (ടേബിള്‍ ടെന്നീസ്), സതീഷ് ശിവലിംഗം (ഭാരോദ്വഹനം) മന്‍പ്രീത് സിങ്ങ്, സവിത (ഹോക്കി) ശ്രേയാസി സിങ്ങ്, രാഹി സര്‍ണോബത്ത്, അങ്കൂര്‍ മിത്തല്‍ (ഷൂട്ടിങ്), സുമിത് (ഗുസ്തി), മനോജ് ശര്‍മ്മ (പാരാ ബാഡ്മിന്റണ്‍), കേണല്‍ രവി റാത്തോഡ് (പോളോ), സതീശ് കുമാര്‍ (ബോക്‌സിങ്), സുമിത് (ഗുസ്തി), അംഗുര്‍ ധാമ (പാരാ അത്‌ലറ്റിക്‌സ്) എന്നിവരേയും അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Content Highlights: Virat Kohli, Mirabai Chanu recommended for Khel Ratna