കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐയുടെ അന്ത്യശാസനം


1 min read
Read later
Print
Share

ആദ്യദിനം, ടീം താമസിച്ച ഹോട്ടലാണ് താരങ്ങള്‍ക്ക് സുരക്ഷയൊരുക്കിയത്

ബെംഗളൂരു: ഇന്ത്യന്‍ ടീമിന് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐയുടെ മുന്നറിയിപ്പ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി സെപ്റ്റംബര്‍ 16-ന് മൊഹാലിയിലെത്തിയ ടീം ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ചണ്ഡീഗഢ് പോലീസിനായിരുന്നു താരങ്ങളുടെ സുരക്ഷാ ചുമതലയെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെയുള്ള കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ്, താരങ്ങളുടെ സുരക്ഷയ്ക്കായി എത്തിയിരുന്നില്ല.

ഇതോടെ ആദ്യദിനം, ടീം താമസിച്ച ഹോട്ടലാണ് താരങ്ങള്‍ക്ക് സുരക്ഷയൊരുക്കിയത്. രണ്ടാം ദിവസം മുതല്‍ സുരക്ഷയൊരുക്കാന്‍ പോലീസ് എത്തി.

ഇതോടെയാണ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അന്ത്യശാസനം നല്‍കി ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത് സിങ് രംഗത്തെത്തിയത്. കളത്തിനകത്തും പുറത്തും ടീമിന്റെ സുരക്ഷയില്‍ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അജിത്ത് സിങ് മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കത്തയച്ചു.

സ്റ്റേഡിയത്തില്‍ ബൗണ്ടറി ലൈനിനും കാണികള്‍ക്കും ഇടയില്‍ കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ഇവര്‍ കാണികള്‍ക്ക് അഭിമുഖമായി നില്‍ക്കണമെന്നും കത്തില്‍ പറയുന്നു. മാത്രമല്ല, ബൗണ്ടറി ലൈനിന് ചുറ്റും കൃത്യമായ ഇടവേളകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം സുരക്ഷാ വീഴ്ച്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

മൊഹാലിയിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെ കാണികളിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയിരുന്നു. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കി. മാത്രമല്ല ഇന്ത്യന്‍ ഇന്നിങ്‌സില്‍ വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടയിലും കാണികളിലൊരാള്‍ മൈതാനത്തേക്കിറങ്ങി കോലിയുടെ അടുത്തെത്തിയിരുന്നു. ഇതോടെയാണ് താരങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ബി.സി.സി.ഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Content Highlights: Team India’s security paramount, ACU chief sends out warning

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram