മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫാറൂഖ് എഞ്ചിനീയര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ജോലിയെന്നും ഒരു യോഗ്യതയുമില്ലാത്തവരാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും ഫാറൂഖ് എഞ്ചിനീയര്‍ പറയുന്നു.
മുന്‍ താരം എം.എസ്.കെ പ്രസാദ് ചെയര്‍മാനായ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി എന്നാണ് ഫാറൂഖ് എഞ്ചിനീയര്‍ വിശേഷിപ്പിച്ചത്. ടീം തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഫാറൂഖ് ആരോപിക്കുന്നു.
ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിനിടയിലെ ഒരു മോശം അനുഭവം വിവരിച്ചാണ് ഫാറൂഖ് എഞ്ചിനീയര്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ചത്. 'ലോകകപ്പിനിടയില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആരാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇന്ത്യയുടെ ബ്ലെയ്‌സര്‍ ധരിച്ച ഒരാളോട് ഞാന്‍ നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ സെലക്ഷന്‍ കമ്മിറ്റി അംഗമാണെന്ന്. അവരെല്ലാം അനുഷ്‌ക ശര്‍മയ്ക്ക് ചായ പകര്‍ന്നുനല്‍കുന്ന തിരക്കിലായിരുന്നു.' ഫാറൂഖ് എഞ്ചിനീയര്‍ പറയുന്നു.
എന്തിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കന്നതെന്നും 10-12 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു എന്നതാണോ യോഗ്യതയെന്നും ഫാറൂഖ് എഞ്ചിനീയര്‍ ചോദിക്കുന്നു.
ഇന്ത്യയുടെ മുന്‍താരം ദിലീപ് വെങ്‌സര്‍ക്കാറിനെപ്പോലെയുള്ളവരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ എത്തേണ്ടതെന്നും ഫാറൂഖ് എഞ്ചിനീയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ മാത്രമേ ഇന്ത്യയെപ്പോലൊരു രാജ്യത്തെ കായികരംഗം മെച്ചപ്പെടൂ എന്നും ഫാറൂഖ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Saw Selectors Getting Tea For Anushka Sharma Says Farokh Engineer