തൃശ്ശൂര്‍: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യരും രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരമായ ആരതിയും വിവാഹിതരായി. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
അഞ്ചുവര്‍ഷം മുമ്പ് ചെന്നൈയിലെ എസ്.ആര്‍.എം മെഡിക്കല്‍ കോളേജില്‍ സന്ദീപ് അതിഥിയായെത്തിയപ്പോഴാണ് ആരതിയെ കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച്ച പിന്നീട് പ്രണയമായി വളരുകയായിരുന്നു.
എട്ടു വര്‍ഷമായി സന്ദീപ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്നു. പേസ് ബൗളറായ താരം ഇന്ത്യ എ ടീമിലും അംഗമാണ്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടി കളിച്ചു. തൃശൂര്‍ എരവിമംഗലം സ്മൃതിയില്‍ ശങ്കരന്‍ കുട്ടിയുടേയും ലക്ഷ്മിയുടേയും മകനാണ്.
ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ ബില്‍ഡര്‍ സി.കസ്തൂരിരാജിന്റേയും ഗൈനക്കോളജിസ്റ്റ് ഡോ മാലാ രാജിന്റേയും മകളാണ് ആരതി. ബെല്‍ജിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പില്‍ രണ്ടാമതെത്തി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടിയിരുന്നു ആരതി.
ദേശീയ, രാജ്യാന്തര തലങ്ങളിലായി 130 മെഡലുകള്‍ ആരതിയുടെ അക്കൗണ്ടിലുണ്ട്. ഇതില്‍ 11 സ്വര്‍ണം ഉള്‍പ്പെടുന്നു. നിലവില്‍ ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്.
Content Highlights: Sandeep Warrier got married Aarathy Kasturiraj Roller Skating