ദുബായ്: മുന്‍ ശ്രീലങ്കന്‍ നായകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന സനത് ജയസൂര്യക്കെതിരേ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി.
അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ ജയസൂര്യക്കെതിരേ സമിതി കുറ്റപത്രം സമര്‍പ്പിച്ചു. ജയസൂര്യ അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ തെറ്റിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ജയസൂര്യ കുറ്റക്കാരനെന്നും ഐ.സി.സി വ്യക്തമാക്കി.
കഴിഞ്ഞ 12 മാസമായി നടക്കുന്ന അന്വേഷണവുമായി ജയസൂര്യ യാതൊരു വിധത്തിലും സഹകരിക്കാത്തതിനാലാണ് ഐ.സി.സി ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. ഒത്തുകളി അടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണവുമായി ജയസൂര്യ സഹകരിക്കുന്നില്ലെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഐ.സി.സി കുറ്റപ്പെടുത്തി.
2017 ജൂലായില്‍ ശ്രീലങ്കയും സിംബാബ് വേയുമായി നടന്ന ഏകദിന പരമ്പരയിലെ നാലാം ഏകദിനവുമായി ബന്ധപ്പെട്ടാണ് ജയസൂര്യക്കെതിരേ ആരോപണമുയര്‍ന്നതെന്നാണ് വിവരം. ഈ സമയം ജയസൂര്യയായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍.
ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ഐ.സി.സി കുറ്റപ്പെടുത്തുന്നു. 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഐ.സി.സി ജയസൂര്യയ്ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
ഈ മാസമാദ്യമാണ് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Content Highlights: sanath jayasuriya former sri lanka captain charged two corruption