ക്രിക്കറ്റ് ലോകത്ത് വലിയ അഭ്യൂഹങ്ങളുടെ ദിനമായിരുന്നു ഇത്. മുന്‍ നായകന്‍ എം.എസ്. ധോനി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത സജീവമായിരുന്നു ദിവസം മുഴുവന്‍. വിരമിക്കല്‍ പ്രഖ്യാപിക്കാനായി ധോനി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഏത് നിമിഷവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു ശ്രുതി. സമീപകാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വാര്‍ത്തയ്ക്കുവേണ്ടി സകലരും ഒരുങ്ങിതന്നെ നിന്നു.
സൈനിക സേവനത്തിനായി വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്നതാണ് ധോനിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹത്തിന് തുടക്കമിട്ടത്. ഇതിനിടെ ധോനിയുമൊത്തുള്ള ഒരു പഴയ നിമിഷം ക്യാപ്റ്റന്‍ വിരാട് കോലി പങ്കുവയ്ക്കുക കൂടി ചെയ്തതോടെ ഈ അഭ്യൂഹം ശക്തമായി.
ഒടുവില്‍ വിശദീകരണവുമായി ഭാര്യ സാക്ഷി ധോനിക്കു തന്നെ രംഗത്തുവരേണ്ടിവന്നു. ഇതിനെയാണ് അഭ്യൂഹങ്ങള്‍ എന്നു പറയുക എന്ന ഒരൊറ്റ വരി ട്വീറ്റായിരുന്നു സാക്ഷിയുടെ വിശദീകരണം. ഇതോടെയാണ് ധോനി ആരാധകർക്ക് ശ്വാസം നേരെ വീണത്.
ഇക്കഴിഞ്ഞ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സെടുത്ത ധോനി തുടര്‍ന്ന് നടന്ന വിന്‍ഡീസ് പര്യടത്തനത്തില്‍ നിന്ന് തന്ന ഒഴിവാക്കണമെന്ന് ബി.സി.സി.ഐ.യോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്ത്യ വിന്‍ഡീസില്‍ പരമ്പര സ്വന്തമാക്കുമ്പോള്‍ കശ്മീരില്‍ പാരച്ച്യൂട്ട് റെജിമെന്റിനൊപ്പം സൈനികസേവനത്തിലായിരുന്നു ലെഫ്റ്റ്‌നന്റ് കേണല്‍ കൂടിയായ ധോനി.
Content Highlights: Sakshi Singh, M.S.Dhoni, Cricket, Retirement, Indian Cricket Team