ന്യൂഡല്‍ഹി; പസഫിക് സ്‌കൂള്‍ ഗെയിംസിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിത ഹോക്കി താരങ്ങള്‍ക്ക് വേണ്ടത്ര സൗകര്യം ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അന്വേഷണം നടത്തുന്നു. ടീം അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഗവണ്‍മെന്റ് അധികൃതർ തങ്ങള്‍ക്ക് വേണ്ട യാതൊരു സൗകര്യവും ഒരുക്കാത്തതില്‍ വനിതാ താരങ്ങള്‍ പ്രതിഷേധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വിവരങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സായിയുടെ നടപടി. അതേസമയം ഇങ്ങനെയൊരു ഗെയിംസിന് പോകാനുള്ള അനുമതി കോച്ചിനും ടീമിനും നല്‍കിയിട്ടില്ലെന്ന് സായി വ്യക്തമാക്കി.
മത്സരത്തിന്റെ ഷെഡ്യൂളിനെക്കുറിച്ചുപോലും ആർക്കും കൃത്യമായ ധാരണയില്ലാത്തതിനാല്‍ ഒരു മത്സരം നഷ്ടമായെന്നും യാത്രാസൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ സ്വന്തമായി കാബ് ബുക്ക് ചെയ്താണ് മത്സരവേദികളിലെത്തിയതെന്നും വീഡിയോയില്‍ താരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് വിശദീകരണവുമായി സായി രംഗത്തെത്തി. ഹോക്കി ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ യാതൊരു അറിവുമില്ലെന്നും മത്സരത്തിനായി ഒരു ടീമിനെയും ഓസ്‌ട്രേലിയയിലേക്ക് അയച്ചിട്ടില്ലെന്നുമായിരുന്നു സായി ട്വിറ്ററില്‍ അറിയിച്ചത്.
രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍. ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്കാണ് ഇവരെത്തിയത്. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് ഈ കളികള്‍ നടക്കുന്നത്. ഈ ഫെഡറേഷന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കിലും സ്വതന്ത്രമായി റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫെഡറേഷനാണ്.
വിവാദങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പായ FIA (ഫോറം ഫോര്‍ ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍) കോച്ചിനടുത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ച് നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ആശയവിനിമയത്തിലുണ്ടായ ചില പാകപിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പിന്നീട് ടീം കോച്ച് വ്യക്തമാക്കി. ആരോടും യാതൊരു സഹായവും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല എല്ലാ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും കോച്ച് പറഞ്ഞു.