ക്യാമ്പ് നൗ: ഓരോ ബാഴ്‌സലോണ ആരാധകന്റേയും ആഗ്രഹമാണ് ക്യാമ്പ് നൗവില്‍ പോയി ലയണല്‍ മെസ്സിയുടെ കളി കാണുക എന്നത്. ഇതുപോലൊരു ആഗ്രഹം ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ഉള്ളിലുമുണ്ടായിരുന്നു. ഒടുവില്‍ കാത്തിരുന്ന ആ നിമിഷമെത്തി. ശനിയാഴ്ച്ച നടന്ന ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള കളി കാണാന്‍ ഗാലറിയില്‍ രാഹുല്‍ ദ്രാവിഡുമുണ്ടായിരുന്നു. ബാഴ്‌സലോണയുടെ വിജയത്തിനും മെസ്സിയുടെ ഗോളിനും ദ്രാവിഡും സാക്ഷിയായി.
മത്സരശേഷം തന്റെ ആവേശം ദ്രാവിഡ് പങ്കുവെച്ചു. ക്യാമ്പ് നൗവിലെ ആവേശം വിവരിക്കാന്‍ വാക്കുകളില്ലെന്നും മെസ്സിയേയും സുവാരസിനേയും പോലുള്ള താരങ്ങളുടെ കളി നേരില്‍ കാണാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ദ്രാവിഡ് പറയുന്നു. കുടുംബത്തോടൊപ്പമാണ് ദ്രാവിഡ് കളി കാണാനെത്തിയത്.
മെസ്സിയെപ്പോലൊരു താരത്തെ നേരില്‍ കാണാന്‍ അവസരം ലഭിക്കുക എന്നത് ഭാഗ്യമാണ്. അസാധാരണ പ്രതിഭയാണ് അദ്ദേഹം. എത്ര അനായാസമായാണ് അദ്ദേഹം ഗ്രൗണ്ടിലെ ഒഴിഞ്ഞ ഇടങ്ങള്‍ കണ്ടെത്തുന്നത്. മെസ്സി ഇതിഹാസ താരമാണ്. ബാഴ്‌സണലോണ തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ദ്രാവിഡ് പറയുന്നു.
ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ദ്രാവിഡിനെ സ്വന്തം പേരെഴുതിയ ജേഴ്‌സി സമ്മാനിച്ചാണ് ബാഴ്‌സ അധികൃതര്‍ വരവേറ്റത്. ദ്രാവിഡിന് ബാഴ്‌സയുടെ ജേഴ്‌സി സമ്മാനിക്കുന്ന ചിത്രം ബാഴ്‌സലോണയുടെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്.