ന്യൂഡല്‍ഹി: രണ്ടായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം പുരോഗമിക്കുകയാണ്. ഇത്രയും അപേക്ഷകളില്‍ നിന്ന് ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു.
നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, മുന്‍ അഫ്ഗാനിസ്താന്‍ പരിശീലകനും വിന്‍ഡീസ് താരവുമായിരുന്ന ഫില്‍ സിമ്മണ്‍സ്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഇതില്‍ ഫില്‍ സിമ്മണ്‍സ് അഭിമുഖത്തില്‍നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറിയതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2002-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സിമ്മണ്‍സ് പത്തുവര്‍ഷത്തിലേറെയായി പരിശീലന രംഗത്ത് സജീവ സാന്നിധ്യമാണ്. സിംബാബ്‌വെ, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളുടെ മുഖ്യപരിശീലകനായിരുന്നു. 2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസ് ജേതാക്കളായത് സിമ്മണ്‍സിന്റെ പരിശീലനത്തിലായിരുന്നു.
കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിക്കാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുമതല. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Content Highlights: Phil Simmons drops out of Indian head coach selection process