ഈ വേദന സഹിക്കാന്‍ വയ്യ; ദയാവധത്തിലൂടെ ജീവിതത്തോട് വിടപറഞ്ഞ് പാരാലിമ്പിക് ചാമ്പ്യന്‍


1 min read
Read later
Print
Share

പേശികള്‍ ക്ഷയിക്കുന്ന രോഗത്തിനടിമയായിരുന്നു വെര്‍വൂട്ട്. ഇതോടെ ഉറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള വേദന നിറഞ്ഞതായിരുന്നു അവരുടെ ജീവിതം

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ പാരാലിമ്പിക് ചാമ്പ്യന്‍ ദയാവധത്തിന് വിധേയയായി. 2012, 2016 പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ മരികെ വെര്‍വൂട്ടാണ് നാൽപതാം വയസ്സിൽ ദയാവധത്തിലൂടെ ജീവിതത്തിന്റെ ട്രാക്കിനോട് വിടപറഞ്ഞ്.

പേശികള്‍ ക്ഷയിക്കുന്ന രോഗത്തിനടിമയായിരുന്നു വെര്‍വൂട്ട്. ഇതോടെ ഉറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള വേദന നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ക്രമേണ അവരുടെ ജീവിതം പീഢനമായി. പലപ്പോഴും വേദന കാരണം 10 മിനിറ്റില്‍ താഴെ മാത്രമാണ് വെര്‍വൂട്ടിന് ഉറങ്ങാന്‍ സാധിച്ചിരുന്നത്. ഇതോടെയാണ് തന്നെ ദയാവധത്തിന് വിധേയയാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്.

2012-ല്‍ ലണ്ടനില്‍ 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടിയ മരികെ, 2016-ല്‍ റിയോയില്‍ 400 മീറ്ററില്‍ വെള്ളിയും 100 മിറ്ററില്‍ വെങ്കലും നേടിയിരുന്നു. 14-ാം വയസിലാണ് മരികെയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ട്രാക്കിനോടുള്ള അഭിനിവേശം കാരണം ഇത്രയും നാള്‍ ഭേദമാവാന്‍ സാധ്യമല്ലാത്ത രോഗവും പേറി ജീവിക്കുകയായിരുന്നു അവര്‍.

ദയാവധം നിയമവിധേയമായ രാജ്യമാണ് ബെല്‍ജിയം. 2008-ല്‍ തന്നെ മരികെ ഇതിനുള്ള പേപ്പറുകള്‍ തയ്യാറാക്കിയിരുന്നു. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ തന്റെ മുന്നിൽ എന്ന് അവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അവരുടെ ദയാവധത്തിനായുള്ള അപേക്ഷ അനുവദിച്ചത്. ഒടുവില്‍ തന്റെ 40-ാം വയസില്‍ രോഗം കാരണം ഇതുവരെ അനുഭവിച്ച യാതനകളോട് വിടപറഞ്ഞ് മരികെ കണ്ണടച്ചു.

Content Highlights: Paralympian Marieke Vervoort ends life through euthanasia

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram