മെഡല്‍ വാങ്ങിയാല്‍ മതി, പ്രതിഷേധം വേണ്ട; കായികതാരങ്ങള്‍ക്ക് നല്ല നടപ്പ്


1 min read
Read later
Print
Share

പെറുവിലെ ലിമയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസിലാണ് ഇരുവരും പ്രതിഷേധിച്ചത്.

ന്യൂയോര്‍ക്ക്: മെഡല്‍ സ്വീകരിക്കുന്നതിനിടെ പരസ്യമായി പ്രതിഷേധിച്ച യു.എസ്. കായികതാരങ്ങള്‍ക്കെതിരേ നടപടി. ഫെന്‍സിങ് താരം റേസ് ഇംബോഡെന്‍, ഹാമര്‍ ത്രോ താരം ഗ്വെന്‍ ബെറി എന്നിവരെയാണ് യു.എസ്. ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി (യു.എസ്.ഒ.പി.സി) പന്ത്രണ്ട് മാസത്തെ നല്ല നടപ്പിന് ശിക്ഷിച്ചത്.

പെറുവിലെ ലിമയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസിലാണ് ഇരുവരും പ്രതിഷേധിച്ചത്. ഇംബോഡെന്‍ മെഡല്‍പീഠത്തില്‍ മുട്ടുകുത്തിയിരിക്കുകയും ബെറി കൈയുയര്‍ത്തിയുമാണ് പ്രതിഷേധിച്ചത്. നല്ല നടപ്പിന് ശിക്ഷിച്ചതിന് പുറമെ 2020 ടോക്യോ ഒളിമ്പിക്‌സില്‍ ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് യു.എസ്.ഒ.പി.സി സി.ഇ.ഒ സാറ ഹെഷ്‌ലാന്‍ഡ് നല്‍കിയ നോട്ടീസില്‍ പറഞ്ഞു. നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ട രണ്ട് താരങ്ങളും അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടിയവരാണ്.

ഫെന്‍സിങ്ങില്‍ ഒരു സ്വര്‍ണവും വെങ്കലവും നേടിയ ഇംബോഡന്‍ വംശവെറിക്കും അഭയാര്‍ഥികളോടുള്ള സമീപനത്തിനും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കുമെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മെഡല്‍ നേടിയശേഷം മുട്ടുകുത്തിയത്. ഹാമര്‍ ത്രോയില്‍ സ്വര്‍ണം നേടിയ ബെറി അമേരിക്കയിലെ സാമൂഹിക അസമത്വത്തിനെതിരേയാണ് കൈകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഒന്നും പറഞ്ഞില്ലെങ്കില്‍ ഒന്നും നടക്കില്ല. ഒന്നും ശരിയാവില്ല. ഒരു മാറ്റവുമുണ്ടാവില്ല-ബെറി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഒളിമ്പിക്‌സിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പാന്‍ അമേരിക്ക ഗെയിംസിന്റെ സംഘാടകരായ യു.എസ്.ഒ.പി.സി. അതുകൊണ്ട് തന്നെ കായികമത്സരങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ ആയ ഒരുതരത്തിലുമുള്ള പ്രകടനങ്ങള്‍ അവര്‍ അനുവദിക്കുന്നില്ല. നിയമം അനുവദിക്കുന്നില്ലെങ്കിലും കളിക്കാര്‍ ഉയര്‍ത്തിയ വിഷയം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കൊപ്പം ചര്‍ച്ച ചെയ്യാമെന്നും ഹേഷ്‌ലാന്‍ഡ് പറഞ്ഞു.

Content Highlights: Pan-Am Games Protesters Gwen Berry and Race Imboden Get 12 Months of Probation Olympics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram