പാകിസ്താന്റെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍സൂര്‍ അഹമ്മദ് ഹൃദയം മാറ്റിവെയ്ക്കാന്‍ ഇന്ത്യയുടെ സഹായം തേടുന്നു. ഹൃദയത്തിന് ഗുരുതര തകരാറുള്ള മന്‍സൂറിന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഹൃദയം മാറ്റിവെയ്ക്കണം. ഇന്ത്യയിലെ ഡോക്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും ഇന്ത്യയില്‍ ലഭിക്കുന്നതു പോലെ ഗുണമേന്മയുള്ള വൈദ്യസഹായം വേറെ എവിടേയും ലഭിക്കില്ലെന്നും മന്‍സൂര്‍ പറയുന്നു.
'ഹൃദയത്തിന് തകരാറുണ്ടായപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയനായത്. പക്ഷേ അതുകൊണ്ട് കാര്യമുണ്ടായില്ല. കഴിഞ്ഞ മാസം അസുഖം മൂര്‍ഛിക്കുകയും ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തു'-മന്‍സൂര്‍ പറയുന്നു.
കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ചൗധരി പര്‍വേസിന് കീഴിലാണ് മന്‍സൂര്‍ ചികിത്സ തേടുന്നത്. മന്‍സൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ചൗധരി കാലിഫോര്‍ണിയയിലെ ക്ലിനിക്കിലേക്കാണ് അയച്ചത്. എന്നാല്‍ കുറഞ്ഞ ചിലവില്‍ വിജയകരമായി ശസ്ത്രിക്രിയ നടത്താന്‍ ഏറ്റവും അനുയോജ്യമായത് ഇന്ത്യയാണെന്ന് അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇന്ത്യയില്‍ വന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
'ഇന്ത്യ എന്നെ പരിഗണിക്കുമെന്നാണ് കരുതുന്നത്. എനിക്ക് വേണ്ട സഹായം ചെയ്തു തരുമെന്നും. ഞാന്‍ പണമോ മറ്റു സാമ്പത്തിക സഹായങ്ങളോ ആവശ്യപ്പെടുന്നില്ല. എനിക്ക് അതൊന്നും വേണ്ട. ഇന്ത്യയിലേക്ക് വരാന്‍ വിസ അനുവദിച്ച് തന്നാല്‍ മാത്രം മതി' മന്‍സൂര്‍ പറയുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും മെഡിക്കല്‍ വിസ ഇരുരാജ്യങ്ങളും അനുവദിച്ച് കൊടുക്കാറുണ്ട്. പാകിസ്താന്‍ പഞ്ചാബിലെ മുഖ്യമന്ത്രി ഷഹബാസ് ശരീഫ് 66 ലക്ഷം രൂപയാണ് മന്‍സൂറിന്റെ ചികിത്സാ ചിലവിനായി നല്‍കിയിരിക്കുന്നത്. കൂടാതെ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും ചികിത്സക്കായി സഹായം ചെയ്യുന്നുണ്ട്.
1990കളില്‍ പാകിസ്താന്റെ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ മൂന്ന് ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. ലോകകപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയതിനൊപ്പം നിരവധി ചാമ്പ്യന്‍സ് ട്രോഫിയിലും പങ്കെടുത്തിട്ടുണ്ട്. 1994ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡിന്റെ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞ് പാകിസ്താന് വിജയം സമ്മാനിച്ചത് ഗോള്‍കീപ്പറായ മന്‍സൂറായിരുന്നു. അന്ന് ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഗ്രൗണ്ടില്‍ മാത്രമായിരുന്നു ശത്രുത എന്നും മന്‍സൂര്‍ ഓര്‍ക്കുന്നു. രാത്രിയാകുമ്പോള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമെന്നും ഷോപ്പിങ്ങിന് പോകുമെന്നും മന്‍സൂര്‍ പറയുന്നു.
Content Highlights: Pakistan hockey legend Mansoor Ahmed seeks a heart in India