റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ മിടുക്കനായെന്ന് ബാഴ്‌സലോണ താരം ഡാനി അല്‍വെസ്. ഇപ്പോള്‍ നയ്മറിന് മുന്നില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി മാത്രമാണുള്ളതെന്നാണ് ഡാനിയുടെ അഭിപ്രായം.
റോണാള്‍ഡോയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ട് നെയ്മറിനെയാണെന്നാണ് ബാഴ്‌സയുടെ ഫുള്‍ ബാക്കായ അല്‍വെസ് പറയുന്നത്. ഗോളുകള്‍ നേടുന്നതിലും മികച്ച ഷോട്ടുതിര്‍ക്കുന്നതിലും പന്ത് ഹെഡ് ചെയ്യുന്നതിലുമെല്ലാം ക്രിസ്റ്റ്യാനോക്ക് മികവുണ്ട്. പക്ഷെ പന്ത് ഡ്രിബിള്‍ ചെയ്യുന്ന കാര്യത്തില്‍ നെയ്മറാണ് മുന്നില്‍. രണ്ട് താരങ്ങളുടെയും കളി രണ്ടു തരമാണെങ്കിലും നെയ്മറിന്റെ ശൈലിയാണ് കൂടുതല്‍ ആകര്‍ഷകം.
2015 ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരത്തിനുള്ള മത്സരത്തില്‍ മെസ്സിയും നെയ്മറും റൊണാള്‍ഡോയുമാണ് മുന്‍നിരയിലുള്ളത്. ഈ വര്‍ഷത്തെ പുരസ്‌ക്കാരം നെയ്മര്‍ നേടുമോ എന്ന് പറയാനാവില്ലെങ്കിലും ഒരിക്കലത് അദ്ദേഹത്തിന്റെ കൈയ്യില്‍ എത്തുമെന്നതില്‍ സംശയമില്ലെന്നും ആല്‍വെസ് പറഞ്ഞു.
നെയ്മറിന് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെല്ലാം നേടാനാവുമെന്നാണ് തന്റെ വിശ്വാസമെന്നും ഒരോ സീസണ്‍ കഴിയുന്തോറും അദ്ദഹത്തിന്റെ മികവ് കൂടി വരികയാണെന്നും ആല്‍വെസ് അഭിപ്രായപ്പെട്ടു. ഫിഫയുടെ മികച്ച കോച്ചിനുള്ള പുരസ്‌ക്കാരം ബാഴ്‌സലോണയുടെ മാനേജര്‍ ലൂയിസ് എന്‍റിക്കേക്കായിരിക്കും; പെപ് ഗാര്‍ഡിയോള മികച്ച പ്രതിയോഗിയാണെങ്കിലും- ആല്‍വെസ് പറഞ്ഞു. എന്നാല്‍, താന്‍ കളിച്ചിട്ടുള്ളില്‍ വെച്ച് ഏറ്റവും മികച്ച കോച്ച് ഗാര്‍ഡിയോളയാണെന്ന കാര്യത്തില്‍ ആല്‍വെസിന് സംശയമൊന്നുമില്ല.