ന്യൂഡല്‍ഹി: ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. അടുത്ത ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ഒഡീഷയില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
' അടുത്ത വര്‍ഷം നവംബറില്‍ ലോകകപ്പ് ഹോക്കിക്ക് ഒഡീഷ വേദിയാകുന്ന കാര്യം താങ്കള്‍ക്ക് അറിയാമല്ലോ? എന്നാല്‍ ദേശീയ കായിക വിനോദം എന്നറിയപ്പെടുന്ന ഹോക്കി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്ന കാര്യം എന്നെ ആശ്ചര്യപ്പെടുത്തി.' നവീന്‍ പട്‌നായിക് മോദിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് ഹോക്കി ആരാധകര്‍ക്കൊപ്പമാണ് താങ്കളെന്ന് വിശ്വസിക്കുന്നതായി പട്‌നായിക് കത്തില്‍ പറഞ്ഞു. ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെടാന്‍ ഹോക്കിക്ക് യോഗ്യതയുണ്ട്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഹോക്കി താരങ്ങളോടുള്ള ആദരവ് കൂടിയായിരിക്കും അത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനൗദ്യോഗികമായി ഇന്ത്യയുടെ ദേശീയ കായിക വിനോദം എന്നറിയപ്പെടുന്നത് ഹോക്കിയാണ്.
Content Highlights : hockey, Naveen Patnaik,Narendra Modi, national game of India