കായിക അവാർഡുകൾ പ്രഖ്യാപിച്ചു; കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം


2 min read
Read later
Print
Share

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും (1997) മുന്‍ നായകന്‍ എം.എസ് ധോനിക്കും (2007) ശേഷം ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കോലി.

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സൈഖോം മീരാഭായ് ചാനുവും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയുമടക്കം ഇരട്ട മെഡലുകള്‍ നേടിയ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ് ലഭിച്ചു. ജിന്‍സനെ കൂടാതെ മറ്റ് 19 താരങ്ങള്‍ക്കു കൂടി അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യാഡിനും സ്വര്‍ണം നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്കും ഏഷ്യാഡില്‍ ഇരട്ട മെഡല്‍ നേടിയ സ്പ്രിന്റര്‍ ഹിമാ ദാസിനും വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്കും അര്‍ജുന പുരസ്‌കാരം ലഭിച്ചു.

കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളിയായ മുന്‍ ഹൈജമ്പ് താരം ബോബി അലോഷ്യസ് അര്‍ഹയായി. ഹൈജമ്പില്‍ ദേശീയ റെക്കോഡ് കുറിച്ച താരമാണ് ബോബി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും (1997) മുന്‍ നായകന്‍ എം.എസ് ധോനിക്കും (2007) ശേഷം ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കോലി. ടെസ്റ്റ്, ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരനാണ് കോലി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കോലിയെ ബി.സി.സി.ഐ ഖേല്‍രത്നയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2016-ല്‍ റിയോ ഒളിമ്പിക്സിലെ മികച്ച പ്രടകനത്തിന് സാക്ഷി മാലിക്ക്, പി.വി സിന്ധു, ദീപ കര്‍മാക്കർ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചത്.

അതേസമയം കര്‍ണം മല്ലേശ്വരി (1994), കുഞ്ജറാണി ദേവി (1995) എന്നിവര്‍ക്കു ശേഷം ഖേല്‍രത്ന പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു.

എല്ലാ വര്‍ഷവും ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികം പ്രമാണിച്ച് ഓഗസ്റ്റ് 29-നാണ് ദേശീയ കായിക പുരസ്‌കാര ചടങ്ങ് നടക്കാറുള്ളതെങ്കിലും ഏഷ്യാഡ് വന്നതിനാല്‍ ഇത്തവണ ചടങ്ങ് സെപ്റ്റംബര്‍ 25-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

7.5 ലക്ഷം രൂപ വീതമാണ് ഖേല്‍രത്ന പുരസ്‌കാര ജേതാക്കള്‍ക്കു ലഭിക്കുക. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് 5 ലക്ഷം രൂപവീതവും ലഭിക്കും. 25-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ദ്രോണാചാര്യ പുരസ്‌കാരം

വിജയ് ശര്‍മ (ഭാരോദ്വഹനം), തരക് സിന്‍ഹ (ക്രിക്കറ്റ്), ക്ലാരന്‍സോ ലോബോ (ഹോക്കി), ജീവന്‍ ശര്‍മ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്സിങ്), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നിസ്). സുഖ്‌ദേവ് സിങ് പാന്നു (അത്‌ലറ്റിക്‌സ്), വി.ആര്‍. ബീഡു (അത്‌ലറ്റിക്‌സ്).

അര്‍ജുന അവാര്‍ഡ്

നീരജ് ചോപ്ര, ജിന്‍സന്‍ ജോണ്‍സണ്‍, ഹിമ ദാസ് (അത്ലറ്റിക്‌സ്), എന്‍. സിക്കി റെഡ്ഡി (ബാഡ്മിന്റന്‍), സതീഷ്‌കുമാര്‍ (ബോക്സിങ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാംഗര്‍ ശര്‍മ (ഗോള്‍ഫ്), മന്‍പ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സര്‍നോബത്ത്, അങ്കുര്‍ മിത്തല്‍, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യന്‍ (ടേബിള്‍ ടെന്നിസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാന്‍ (വുഷു), അങ്കുര്‍ ധാമ (പാര അത്ലറ്റിക്സ്), മനോജ് സര്‍ക്കാര്‍ (പാരാ ബാഡ്മിന്റന്‍).

ധ്യാന്‍ചന്ദ് പുരസ്‌കാരം

ബോബി അലോഷ്യസ് (അത്ലറ്റിക്‌സ്), സത്യദേവ് (അമ്പെയ്ത്ത്), ഭരത് ഛേത്രി (ഹോക്കി), ദാദു ചൗഗുലേ (ഗുസ്തി)

Content Highlights: national sports awards virat kohli mirabai chanu get rajiv gandhi khel ratna

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram