ക്രൈസ്റ്റ്ചര്‍ച്ച: ന്യൂസീലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരമായ നഥാന്‍ മക്കല്ലം മരിച്ചുവെന്ന് വ്യാജവാര്‍ത്ത. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഫാന്‍ഹബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത പ്രചരിച്ചത്. മക്കല്ലത്തിന്റെ ഭാര്യ വനേസ മരണം സ്ഥിരീകരിച്ചതായും എഫ്.ബി പേജില്‍ പറയുന്നു.
ഇതിന് പിന്നാലെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി മക്കല്ലം നേരിട്ട് രംഗത്തു വന്നു. താന്‍ മുമ്പത്തേക്കാളും ഊര്‍ജ്ജസ്വലനായിട്ടുണ്ടെന്നും വ്യാജ വാര്‍ത്ത എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും ട്വീറ്റില്‍ മക്കല്ലം പറഞ്ഞു.
നഥാന്‍ മക്കല്ലത്തിന്റെ വിക്കിപ്പീഡിയ പേജിലും താരം മരണപ്പെട്ടതായി അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കി. ഈ വ്യാജ വാര്‍ത്ത കേട്ട ഇന്ത്യന്‍ ടീമംഗങ്ങളും പേടിച്ചു. ന്യൂസീലന്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സിനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വാസമായത്.
നഥാന്‍ മരിച്ചുവെന്ന പോസ്റ്റ് കണ്ട് സഹോദരനും ന്യൂസീലന്‍ഡിന്റെ മുന്‍ ക്യാപ്റ്റനുമായ ബ്രണ്ടന്‍ മക്കല്ലവും പേടിച്ചു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ബ്രണ്ടന്‍ മക്കല്ലം ഈ വാര്‍ത്ത കേള്‍ക്കുന്നത്. ഇതുകേട്ട് തന്റെ ഹൃദയം തകര്‍ന്നുവെന്നും ഈ വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ ആരായാലും അത് കണ്ടുപിടിക്കുമെന്നും ബ്രണ്ടന്‍ മക്കല്ലം ട്വീറ്റിലൂടെ വ്യക്തമാക്കി.
Content Highlights: Nathan McCullum Rubbishes His Death Reports, Brother Brendon Vows to Find the Culprit