ഹംഗറോറിങ്: ഫോര്‍മുല വണ്‍ ഹംഗറി ഗ്രാന്‍പ്രീയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ ജേതാവായി. കിരീട പോരാട്ടത്തില്‍ പ്രധാന എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടന്‍ ഒന്നാമതെത്തിയത്.
പോള്‍ പൊസിഷനില്‍ തുടങ്ങിയാണ് ഹാമിൽട്ടൺ വിജയിച്ചത്. റേസിന്റെ തുടക്കത്തില്‍ ഹാമില്‍ട്ടന്റെ ടീം അംഗമായ വാല്‍ട്ടെറി ബൊട്ടാസുമായുള്ള കൂട്ടിയിടിയെ അതീജീവിച്ച വെറ്റല്‍, ഹാമില്‍ട്ടനേക്കാള്‍ 17.1 സെക്കന്‍ഡ് പിറകിലാണ് ഫിനിഷ് ചെയ്തത്. റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോയുമായും അദ്ദേഹത്തിന്റെ കാര്‍ ഉരസിയിരുന്നു.
വിജയത്തോടെ കിരീട നേട്ടത്തിലേക്ക് വെറ്റലിനേക്കാള്‍ 24 പോയിന്റ് ലീഡ് നേടാനും അദ്ദേഹത്തിനായി. നിലവില്‍ 12 റേസുകള്‍ക്കു ശേഷം ഹാമില്‍ട്ടന് 213 പോയിന്റും വെറ്റലിന് 189 പോയിന്റുമാണുള്ളത്.
ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടന്റെ ആറാം കിരീടമാണിത്. സീസണിലെ അഞ്ചാമത്തെയും കരിയറിലെ 67-ാമത്തെയും കിരീടമാണ് ബ്രിട്ടീഷ് താരം നേടിയത്. നേരത്തെ നടന്ന ജര്‍മന്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടനായിരുന്നു ജേതാവ്.
Content Highlights: motor racing hamilton wins hungary stretch f1 title lead