കൊളംബോ: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം നായകനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്ക്കു പിന്നാലെ മറ്റൊരു ലങ്കന്‍ താരവും 'മീ ടു' കുരുക്കില്‍. ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയ്‌ക്കെതിരേയാണ് ഇപ്പോള്‍ ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്.
ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപദയാണ് മറ്റൊരു യുവതിയെ മലിംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. ആരോപണം ഉന്നയിച്ച യുവതിയുടെ പേരുവിവരങ്ങള്‍ ചിന്‍മയി പുറത്തുവിട്ടിട്ടില്ല.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ലസിത് മലിംഗ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ചിന്‍മയി പുറത്തുവിട്ട 'അജ്ഞാത യുവതി'യുടെ കുറിപ്പില്‍ പറയുന്നത്. 'ക്രിക്കറ്റ് താരം ലസിത് മലിംഗ' എന്ന തലക്കെട്ടോടെയാണ് ചിന്‍മയി ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നു പറഞ്ഞാണ് യുവതിയുടെ കുറിപ്പ്. ഒരു ഐ.പി.എല്‍ സീസണിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിനൊപ്പം മുംബൈയിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം. സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ, സുഹൃത്ത് തന്റെ മുറിയിലുണ്ടെന്നു പറഞ്ഞ് പ്രശസ്തനായ ഒരു ശ്രീലങ്കന്‍ കളിക്കാരന്‍ സമീപിക്കുന്നു. യുവതി അയാളോടൊപ്പം മുറിയിലെത്തിയപ്പോള്‍ പക്ഷേ സുഹൃത്ത് അവിടെ ഉണ്ടായിരുന്നില്ല. പെട്ടെന്ന് അയാള്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് തന്റെ മുഖത്തേക്ക് കയറാന്‍ തുടങ്ങി.
അയാള്‍ക്കൊത്ത ഉയരവും ഭാരവും തനിക്കുണ്ടായിരുന്നെങ്കിലും അയാളെ പ്രതിരോധിക്കാനായില്ലെന്ന് യുവതി പറയുന്നു. താന്‍ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാള്‍ മുഖത്ത് എന്തൊക്കെയോ ചെയ്തു.
ഇതിനിടെ അയാള്‍ക്ക് മദ്യവുമായി എത്തിയ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ വാതിലില്‍ മുട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ പോയ തക്കത്തിന് താന്‍ എഴുന്നേറ്റ് ഓടി വാഷ് റൂമില്‍ പോയി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാരന്‍ പോയതിനൊപ്പം പുറത്തേക്കോടി രക്ഷപ്പെട്ടെന്നും യുവതി കുറിപ്പില്‍ പറയുന്നു. അയാള്‍ തന്നെ അപമാനിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
താന്‍ മനഃപൂര്‍വം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ചിലര്‍ പറയും. അയാള്‍ പ്രശസ്തനാണ്, അത് മുതലെടുക്കാനുള്ള ശ്രമമാണെന്നും പറഞ്ഞേക്കുമെന്നും യുവതി കുറിച്ചു. ലോകമെമ്പാടും ഇപ്പോള്‍ ശ്രദ്ധനേടുന്ന 'മീ ടു' ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഇപ്പോള്‍ മലിംഗയ്‌ക്കെതിരേയും ഉയര്‍ന്ന ആരോപണം.
നേരത്തെ മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വിമാനത്തിലെ ഒരു ജീവനക്കാരിയും (ഫ്ളൈറ്റ് അറ്റന്‍ഡന്റ്) രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ വെച്ച് രണതുംഗ യുവതിയുടെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
Content Highlights: metoo arjuna ranatunga lasith malinga sexual assualt